ദില്ലി: രാജ്യസഭയില്‍ കോണ്‍ഗ്സസിനെതിരെയും രാഹുല്‍ ഗാന്ധിക്കെതിരെയും ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രംഗത്ത് . 54 കാരനായ യുവ നേതാവെന്ന വ്യാജേന ഭരണഘടനയിൽ മാറ്റം വരുത്താനുള്ള ശ്രമങ്ങളാണ് രാഹുല്‍ നടത്തുന്നതെന്ന് അമിത് ഷാ പറഞ്ഞു. ഭരണഘടനയുടെ 75-ാം വാർഷികത്തോടനുബന്ധിച്ച് ഭരണഘടനാ രേഖകളില്‍ ഭേദഗതി വരുത്താനും അതിന്റെ സ്വഭാവത്തില്‍ മങ്ങല്‍ വരുത്താനും ബിജെപി ശ്രമിക്കുന്നുവെന്ന് രാഹുൽ ഗാന്ധി ചൊവ്വാഴ്ച്ച പറഞ്ഞിരുന്നു. ഇത് പരാമര്‍ശിച്ചായിരുന്നു അമിത് ഷായുടെ മറുപടി .
നമ്മുടെ ഭരണഘടന ഒരിക്കലും മാറ്റാന്‍ പറ്റാത്ത ഒന്നല്ലെന്നും ആർട്ടിക്കിൾ 368 ല്‍ ഭരണഘടന ഭേദഗതി ചെയ്യാനുള്ള വ്യവസ്ഥയുണ്ടെന്നും, യുവാവ് എന്ന് സ്വന്തമായി വിളിക്കുന്ന 54 കാരനായ ഒരു നേതാവ് ഞങ്ങൾ ഭരണഘടന മാറ്റുന്നുവെന്ന് പറഞ്ഞ് ഭരണഘടനയും പിടിച്ച് നടക്കുകയാണെന്നും അമിത് ഷാ വ്യക്തമാക്കി .
ഭരണഘടനയിൽ ബിജെപിയേക്കാൾ കൂടുതല്‍ മാറ്റങ്ങള്‍ വരുത്തിയത് കോൺഗ്രസ് ആണെന്നും അദ്ദേഹം പറഞ്ഞു . 55 വർഷം രാജ്യം ഭരിച്ച കോൺഗ്രസ് ഭരണഘടനയിൽ വരുത്തിയത് 77 ഭേദഗതികളാണന്നും 16 വർഷം ഭരിച്ച ബിജെപി 22 ഭേദഗതികള്‍ മാത്രമാണ് വരുത്തിയിട്ടുള്ളതെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. അതേ സമയം കോണ്‍ഗ്രസ് ഭരണഘടനാ ഭേദഗതി ചെയ്തത് ജനാധിപത്യത്തെ ശക്തിപ്പെടുത്താനായിരുന്നോ അതോ അധികാരത്തില്‍ തുടരാനായിരുന്നോ എന്നും മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ മുന്‍നിര്‍ത്തി അമിത് ഷാ ചോദിച്ചു.
രാഹുല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വിവിധ പ്രചരണ പരിപാടികളിൽ ഭരണഘടനയുടെ പകർപ്പ് കൂടെ കൊണ്ടുപോയിരുന്നു. ശേഷം സത്യപ്രതിജ്ഞ ചെയ്തതതും ഭരണഘടനാ പുസ്തകത്തില്‍ ഊന്നിയാണ്. എന്നാല്‍ രാഹുല്‍ കയ്യില്‍ കൊണ്ട് നടക്കുന്ന ഭരണഘടനയുടെ പകർപ്പ് വ്യാജവും ശൂന്യവുമാണെന്നും അമിത്ഷാ വിമര്‍ശിച്ചു. ‘ഭരണഘടന അപകടത്തിലാണ്’ എന്ന് രാഹുല്‍ പറഞ്ഞു നടക്കുന്നത് ഒരു രാഷ്ട്രീയ ഗിമ്മിക്ക് ആണെന്നും അദ്ദേഹം വിമര്‍ശിച്ചു.