പ്രധാനമന്ത്രിയെ പാട്ടിലൂടെ അധിക്ഷേപിച്ചെന്ന് ആരോപണം; വേടനെതിരെ എന്‍ഐഎയ്ക്ക് പരാതി നല്‍കി

പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാട്ടിലൂടെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് റാപ്പര്‍ വേടനെതിരെ എന്‍ഐഎയ്ക്ക് പരാതി നല്‍കി. പാലക്കാട് നഗരസഭ കൗണ്‍സിലറും ബിജെപി നേതാവുമായ മിനി കൃഷ്ണകുമാര്‍ ആണ് വേടനെതിരെ പരാതി നല്‍കിയത്. മോദി കപട ദേശീയ വാദിയെന്ന വേടന്റെ അവഹേളനത്തെ കുറിച്ച് അന്വേഷിക്കണമെന്നാണ് മിനിയുടെ പരാതിയിലെ ആവശ്യം.
‘വോയ്‌സ് ഓഫ് വോയ്‌സ്‌ലെസ്’ എന്ന വേടന്റെ ആദ്യ പാട്ടിനെതിരെയാണ് എന്‍ഐഎയ്ക്ക് പരാതി നല്‍കിയിരിക്കുന്നത്. രാജ്യം ഭരിക്കുന്നയാള്‍ കപട ദേശീയവാദിയാണെന്ന് പാട്ടില്‍ വരികളുണ്ടായിരുന്നു. ഇതിനെ കുറിച്ച് അന്വേഷിക്കണമെന്നാണ് പരാതിയില്‍ പറയുന്നത്. കേന്ദ്ര ആഭ്യന്തര വകുപ്പിനും എന്‍ഐഎയ്ക്കുമാണ് മിനി കൃഷ്ണകുമാര്‍ പരാതി നല്‍കിയിരിക്കുന്നത്.
വേടന്റെ പശ്ചാത്തലം എന്താണെന്ന് അന്വേഷിക്കണമെന്നും ജാതിയുടെ അടിസ്ഥാനത്തില്‍ സമൂഹത്തെ വേടന്‍ ഭിന്നിപ്പിക്കുകയാണെന്നും മിനി പരാതിയില്‍ പറയുന്നു. കലാകാരന്‍ ഇന്‍ഫ്‌ലുവന്‍സറാണ്. സമൂഹത്തെ സ്വാധീനിക്കാന്‍ കലാകാരനു കഴിയും. ലക്ഷക്കണക്കിനു പേര്‍ പാട്ട് ആസ്വദിക്കാനെത്തുമ്പോള്‍ പ്രധാനമന്ത്രിയെ മോശക്കാരനാക്കുക, ദേശവിരുദ്ധനാക്കുക, ജാതിയെ വിഭജിച്ച് പരസ്പരം കലഹിക്കുന്ന തരത്തില്‍ സന്ദേശം നല്‍കുക എന്നിവയൊന്നും ശരിയായ രീതിയല്ല. എല്ലാ ജാതി വ്യവസ്ഥകള്‍ക്കും അര്‍ഹിക്കുന്ന പരിഗണന നല്‍കുന്നുണ്ട്. ഇത്തരത്തില്‍ ജാതീയമായ വേര്‍തിരിവ് ഉണ്ടാക്കുന്നത് ഏത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരിലാണെങ്കിലും അനുവദിച്ച് കൊടുക്കാന്‍ കഴിയില്ലെന്നും മിനി പറഞ്ഞു