നടന്‍ ഉണ്ണി മുകുന്ദന്‍ മര്‍ദ്ദിച്ചെന്ന പരാതി;ഇന്‍ഫോ പാര്‍ക്ക് പൊലീസ് കേസെടുത്തു

കാക്കനാട്: നടന്‍ ഉണ്ണി മുകുന്ദന്‍ മര്‍ദിച്ചെന്ന മാനേജര്‍ ബിപിന്‍ കുമാര്‍ നല്‍കിയ പരാതിയില്‍ ഇന്‍ഫോ പാര്‍ക്ക് പൊലീസ് കേസെടുത്തു. ഉണ്ണി മുകുന്ദന്‍ താമസിക്കുന്ന കാക്കനാട് ഡിഎല്‍എഫ് ഫ്‌ലാറ്റില്‍വച്ച് തിങ്കള്‍ ഉച്ചയ്ക്ക് ബിപിന്‍ കുമാറിനെ മര്‍ദിച്ചെന്നാണ് പരാതി. മുഖത്തും തലയ്ക്കും നെഞ്ചത്തും മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്തു എന്നാണ് മാനേജര്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. മര്‍ദനമേറ്റ ബിപിന്‍ ആശുപത്രിയില്‍ ചികിത്സ തേടി.
അടുത്തിടെ തിയറ്ററില്‍ റിലീസ് ചെയ്ത ചിത്രം ഉണ്ണി മുകുന്ദന്റെ ‘ഗെറ്റ് സെറ്റ് ബേബി’ പരാജയമായിരുന്നു. ആ ചിത്രത്തെക്കുറിച്ച് മാനേജര്‍ പോസ്റ്റ് ഷെയര്‍ ചെയ്തിരുന്നില്ല. കഴിഞ്ഞദിവസം റിലീസായ ‘നരിവേട്ട’ എന്ന ടൊവിനോ തോമസ് ചിത്രത്തിന്റെ പോസ്റ്റര്‍ ഉണ്ണിമുകുന്ദന്റെ മാനേജര്‍ സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്ത് നല്ല അഭിപ്രായം പറഞ്ഞിരുന്നു. ഇതിനെ ചൊല്ലിയുണ്ടായ വാക്കുതര്‍ക്കം മര്‍ദനത്തില്‍ കലാശിച്ചെന്നാണ് വിവരം.
‘നരിവേട്ട’ സിനിമയെ പ്രശംസിച്ച് താന്‍ പോസ്റ്റിട്ടിരുന്നുവെന്നും അതിന്റെ ദേഷ്യത്തിലാണ് മര്‍ദിച്ചതെന്നും ബിപിന്‍ കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. പോസ്റ്റ് കണ്ടപ്പോള്‍ ഫോണില്‍ വിളിച്ച് മാനേജര്‍ പരിപാടി ഇനി വേണ്ടെന്ന് പറഞ്ഞു. തന്റെ ഫ്‌ലാറ്റിന് താഴെയ്ക്ക് വിളിച്ചുവരുത്തി ബേസ്മെന്റ് പാര്‍ക്കിങ്ങില്‍വച്ചായിരുന്നു മര്‍ദനം. ഉണ്ണി മുകുന്ദന്‍ താമസിക്കുന്ന ഡിഎല്‍എഫ് ഫ്‌ലാറ്റ് സമുച്ചയത്തില്‍ത്തന്നെയാണ് ബിപിനും താമസം.
താരസംഘടനയായ അമ്മയ്ക്കും ഫെഫ്കയ്ക്കും പരാതി നല്‍കിയിട്ടുണ്ടെന്നും ബിപിന്‍ കുമാര്‍ പറഞ്ഞു. മാര്‍കോയ്ക്ക് ശേഷം ഉണ്ണി മുകുന്ദന്റെ സിനിമകള്‍ ഹിറ്റായിരുന്നില്ല. ഇതിനുശേഷം പുതിയ സിനിമകള്‍ കൃത്യമായി ലഭിച്ചില്ല. അതിന്റെ നിരാശയാണ് തന്നോട് കാണിച്ചത്. കൂടാതെ മറ്റുചില പ്രശ്നങ്ങളുണ്ടെന്നും അതേക്കുറിച്ച് പിന്നീട് പ്രതികരിക്കുമെന്നും ബിപിന്‍ കുമാര്‍ പറഞ്ഞു.