x
NE WS KE RA LA
Uncategorized

എഡിഎം നവീൻ ബാബുവിൻ്റെ ആത്മഹത്യ കലക്ടറുടെ മൊഴി വീണ്ടും രേഖപ്പെടുത്തി

എഡിഎം നവീൻ ബാബുവിൻ്റെ ആത്മഹത്യ കലക്ടറുടെ മൊഴി വീണ്ടും രേഖപ്പെടുത്തി
  • PublishedNovember 29, 2024

കണ്ണൂർ: കണ്ണൂർ എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ പ്രത്യേക അന്വേഷണ സംഘം ജില്ലാ കളക്ടർ അരുണ്‍ കെ വിജയന്‍റെ മൊഴി വീണ്ടും രേഖപ്പെടുത്തി. ‘ഒരു തെറ്റുപറ്റി’ എന്ന് എഡിഎം തന്നോട് പറഞ്ഞെന്ന കളക്ടറുടെ മൊഴി നേരത്തെ പുറത്ത് വന്നിരുന്നു. കൂടുതൽ വ്യക്തത വരുത്താനാണ് വീണ്ടും മൊഴി എടുത്തത്. ഒക്ടോബർ 22 നാണ് പോലീസ് കളക്ടറുടെ മൊഴി ആദ്യം രേഖപ്പെടുത്തിയത്. അന്ന് നൽകിയ വിവരങ്ങൾ തന്നെയാണ് ഇപ്പോൾ വീണ്ടും ആവർത്തിച്ചത്.

കളക്ടറുടെ മൊഴിക്കെതിരെ നവീൻ ബാബുവിന്റെ കുടുംബം രംഗത്ത് എത്തിയിരുന്നു. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യയെ രക്ഷിക്കാൻ കളക്ടർ കൂട്ട് നിൽക്കുകയാണെന്നായിരുന്നു ആരോപണം ഉന്നയിച്ചത്. ഇതേ ആരോപണം ഹൈക്കോടതിയിലും കുടുംബം ആവർത്തിച്ചു. ഇതിന് പിന്നാലെയാണ് വീണ്ടും മൊഴി എടുത്തത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ പോയതിന് പിറകെയാണ് നടപടി എടുത്തിരിക്കുന്നത് .

ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണർ നടത്തിയ വകുപ്പ് തല അന്വേഷണത്തിലും കളക്ടർ സമാന മൊഴി നൽകിയിരുന്നു. എന്നാൽ നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെ കളക്ടർ തന്നെ നൽകിയ പ്രാഥമിക റിപ്പോർട്ടിൽ ഇക്കാര്യം ഇല്ലായിരുന്നു.

അതിനിടെ നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍റെ കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദേശം നൽകി. എ‍ഡിഎമ്മിന്‍റേത് ആത്മഹത്യയല്ല, കൊതപാതകമാണെന്നും പ്രതിയായ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം പി പി ദിവ്യയെ രക്ഷിച്ചെടുക്കാനാണ് പൊലീസിന് വ്യഗ്രതയെന്നും നവീൻ ബാബുവിന്‍റെ കുടുംബം കോടതിയിൽ പറഞ്ഞു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹർജി ഫയലിൽ സ്വീകരിച്ച സിംഗിൾ ബെഞ്ച്, മറുപടി പറയാൻ സംസ്ഥാന സർക്കാരിനോടും സിബിഐയോടും ആവശ്യപ്പെടുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *