അവധി ചോദിച്ച വിദ്യാര്‍ഥിക്ക് കൃത്യമായ മറുപടി നല്‍കി കളക്ടര്‍

തിരുവനന്തപുരം: തന്റെ സമൂഹമാധ്യമ പേജില്‍ വന്ന കൗതുകകരമായ ഒരു കമന്റിന് മാതൃകപരമായി മറുപടി നല്‍കിയിരിക്കുകയാണ് പത്തനംതിട്ട ജില്ലാ കളക്ടര്‍. മഴക്കാലമായാല്‍ അവധി ചോദിച്ചുള്ള വിദ്യാര്‍ഥികളുടെ നിരന്തരമായ അഭ്യര്‍ഥന കളക്ടര്‍മാര്‍ക്ക് ലഭിക്കാറുണ്ട്.എന്നാല്‍ നിലവിലെ അപേക്ഷ അതില്‍ നിന്നെല്ലാം അല്‍പം വ്യത്യസ്തമായിരുന്നു.
അടിമുടി അക്ഷര തെറ്റായിരുന്നു ആ എഴുത്തില്‍ ഉണ്ടായിരുന്നത് എന്നതായിരുന്നു ആ പ്രത്യേകത.
‘കടുത്ത മഴയായതിനാല്‍ ദയവായി ആവുധി പ്രേക്യപിക്കുവാന്‍ അപേക്ഷിക്കുന്നു’. ‘പത്തനംതിട്ട ജില്ലയുടെ കാലാവസ്ഥയെയും കടുത്ത മഴയേയും മനസില്‍വെച്ചുകൊണ്ട് ഓരോ കുട്ടികളുടെ കഠിന പ്രേര്‍ത്തേണതയെയും മനസിലാക്കി ഒരു ആവുധി ആവര്‍ഷ്യപ്പെടുന്നു’.
അവധി ആവശ്യപ്പെട്ടുകൊണ്ട് പത്തനംതിട്ട ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്റെ സമൂഹ മാധ്യമ അക്കൗണ്ടിലേയ്ക്ക് ഒരു വിദ്യാര്‍ഥി അയച്ച മെസേജ് ആണിത്.
‘അവധി ചോദിക്കാതെ സ്ഥിരമായി സ്‌കൂളില്‍ പോകുക. പ്രത്യേകിച്ച് മലയാളം ക്ലാസില്‍ കയറാന്‍ ശ്രമിക്കുക. ഇന്ന് അവധി ഇല്ല. നന്ദി’.
എന്നതായിരുന്നു കളക്ടറുടെ മറുപടി. കുട്ടികളുടെ മെസേജുകള്‍ പതിവായി നോക്കാറുള്ള കലക്ടര്‍ അവധി അഭ്യര്‍ഥനകളുടെ എണ്ണം കൂടിയപ്പോഴാണ് മറുപടി കൊടുക്കാന്‍ തയ്യാറായത്.