മുടിയുടെ ആരോഗ്യത്തിന് എണ്ണ ഉപയോഗിക്കുന്ന പതിവ് മലയാളികള്‍ക്ക് ഉണ്ട്. പലപ്പോഴും വെളിച്ചെണ്ണയാണ് നമ്മളില്‍ പലരും ഉപയോഗിക്കാറുള്ളത്. വെളിച്ചെണ്ണയോ അല്ലെങ്കില്‍ മുറ്റുള്ള എണ്ണകളോ മാത്രം നേരിട്ട് തലയില്‍ തേക്കുന്നതിനേക്കാള്‍ എത്രയോ നല്ലതാണ് ഇവയ്ക്കൊപ്പം മറ്റ് ആരോഗ്യപ്രദമായ ചേരുവകള്‍ ചേര്‍ത്ത് തിളപ്പിച്ച് തേക്കുന്നത്. ഇത്തരത്തില്‍ വീട്ടില്‍ തന്നെ തയ്യാറാക്കാന്‍ സാധിക്കുന്ന ചില കാച്ചിയ എണ്ണകളെ കുറിച്ചും അവയ്ക്ക് വേണ്ട ചേരുവകളെ കുറിച്ചുമൊക്കെയാണ് ഇന്ന് പറയുന്നത്. വിശദമായി നോക്കാം
വെളിച്ചെണ്ണയും കറിവേപ്പിലയും
മുടിയേയും തലയോട്ടിയേയും ഒരുപോലെ പോഷിപ്പിക്കാന്‍ വെളിച്ചെണ്ണയ്ക്ക് സാധിക്കും. കറിയേപ്പിലയാണെങ്കില്‍ ഇവയ്ക്ക് ആന്റി ഓക്സിഡന്റ് ഗുണങ്ങള്‍ ഉണ്ട്. കൂടാതെ ധാരാളം പ്രോട്ടീനുകളും അടങ്ങിയിട്ടുണ്ട്. ഇത് മുടി വളര്‍ച്ച വേഗത്തിലാകാന്‍ സഹായിക്കും. എണ്ണ തയ്യാറാക്കുന്നതിനായി ആദ്യം ഒരു കപ്പ് വെളിച്ചെണ്ണയും കൈനിറയെ കറിവേപ്പിലയും എടുക്കാം. ഇത് നന്നായി തിളപ്പിച്ചെടുക്കാം. കറിവേപ്പില കറുപ്പ് നിറത്തിലാകുന്നത് വരെ ചൂടാക്കിയെടുക്കാം. തണുത്തതിന് ശേഷം അരിച്ചെടുത്ത് തലയില്‍ തേക്കാം.