x
NE WS KE RA LA
Kerala Politics

സ്മാർട്ട് റോഡ് ഉദ്ഘാടനത്തിൽ നിന്നും മുഖ്യമന്ത്രിയുടെ പിന്മാറ്റം: പിന്നിൽ റിയാസും എം ബി രാജേഷും തമ്മിൽ തർക്കം

സ്മാർട്ട് റോഡ് ഉദ്ഘാടനത്തിൽ നിന്നും മുഖ്യമന്ത്രിയുടെ പിന്മാറ്റം: പിന്നിൽ റിയാസും എം ബി രാജേഷും തമ്മിൽ തർക്കം
  • PublishedMay 21, 2025

തിരുവനന്തപുരം: സ്മാര്‍ട് റോഡ് ഉദ്ഘാടന ചടങ്ങിൽ നിന്ന് മുഖ്യമന്ത്രി പിൻമാറിയത് തദ്ദേശ, പൊതുമരാമത്ത് വകുപ്പു മന്ത്രിമാർ തമ്മിലെ വടംവലിയെ തുടര്‍ന്നെന്ന് വിവരങ്ങൾ പറയുന്നു. പണം ചെലവഴിച്ച തദ്ദേശ ഭരണ വകുപ്പിനെ പൂര്‍ണ്ണമായും ഒഴിവാക്കി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പദ്ധതിയുടെ ക്രെഡിറ്റ് അടിച്ചെടുക്കാൻ ശ്രമിച്ചതാണ് തര്‍ക്കത്തിനിടയാക്കിയിരിക്കുന്നത്. ഇക്കാര്യത്തിൽ അതൃപ്തി തദ്ദേശ മന്ത്രി നേരിട്ട് അറിയിച്ചതോടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് മുഖ്യമന്ത്രി വിട്ടു നിൽക്കുകയായിരുന്നു.

ആറര വര്‍ഷത്തെ ദുരിതത്തിനൊടുവിലാണ് തലസ്ഥാന റോഡുകൾ സ്മാര്‍ട്ടായിരിക്കുന്നത്. പദ്ധതി കേന്ദ്രത്തിന്‍റേതാണെങ്കിലും പണം മുടക്കുന്നത് സംസ്ഥാന സര്‍ക്കാരും തദ്ദേശ സ്ഥാപനവും സംയുക്തമായാണ്. 200 കോടി ചെലവിൽ റോഡ് പണിതപ്പോൾ 80 കോടി കേന്ദ്ര സര്‍ക്കാര്‍ ഫണ്ട്. ബാക്കി 80 കോടി പോയത് തദ്ദേശ ഭരണ അക്കൗണ്ടിൽ നിന്നാണ് . നാൽപത് കോടി കോര്‍പറേഷനും ചെലവാക്കി. ഇങ്ങനെ ഇരിക്കെ പത്ത് പൈസ പോലും ചെലവാക്കാത്ത പൊതുമരാമത്ത് വകുപ്പ് പദ്ധതിയുടെ ക്രഡിറ്റ് എടുത്തതിലെ വിയോജിപ്പ് തദ്ദേശ മന്ത്രി എംബി രാജേഷ് നേരിട്ട് മുഖ്യമന്ത്രിയെ അറിയിച്ചെന്നാണ് വിവരം. പരിശോധിക്കാമെന്ന് മറുപടി നൽകിയ മുഖ്യമന്ത്രി പരിപാടി റദ്ദാക്കി ക്ലിഫ് ഹൗസിലേക്ക് പോവുകയായിരുന്നു .

ചെറിയ ജലദോഷത്തെ തുടര്‍ന്ന് വിശ്രമമെന്നായിരുന്നു മുഖ്യമന്ത്രിയുടെ അടുത്ത വൃത്തങ്ങൾ വിശദീകരിച്ചത്. എന്നാൽ ഉദ്ഘാടന ദിവസം ഉച്ചവരെയും അടുത്ത ദിവസം രാവിലെ മുതൽ നിശ്ചയിച്ച പരിപാടികളിലെല്ലാം മുഖ്യമന്ത്രി പങ്കെടുത്തിരുന്നു. മുഖ്യമന്ത്രിയുമായുള്ള അടുപ്പത്തിന്‍റെ പേരിൽ മന്ത്രി മുഹമ്മദ് റിയാസിന് പാര്‍ട്ടിയിലും സര്‍ക്കാരിലും പരിഗണന കിട്ടുന്നെന്ന ആക്ഷേപം നേതാക്കളിൽ പലര്‍ക്കുമുണ്ട്. അര്‍ഹിക്കുന്ന പരിഗണന തദ്ദേശ വകുപ്പിനോ കോര്‍പറേഷനോ നൽകാതെ സ്മാര്‍ട് റോഡ് ഉദ്ഘാടന ചടങ്ങ് പൊതുമരാമത്ത് മന്ത്രി ഏറ്റെടുത്തതിൽ വ്യാപക എതിര്‍പ്പ് പുകയുന്നുണ്ട്. \

Leave a Reply

Your email address will not be published. Required fields are marked *