മലപ്പുറം: പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛന് ശിക്ഷ വിധിച്ച് കോടതി. 141 വർഷം തടവും ഏഴുലക്ഷത്തി എൺപത്തിഅയ്യായിരം രൂപ പിഴയും ആണ് ചുമത്തിയത്. തമിഴ്നാട് സ്വദേശിയെ മഞ്ചേരി പോക്സോ കോടതിയാണ് ശിക്ഷിച്ചത്. 12 വയസ് മുതൽ കുട്ടി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാവുകയായിരുന്നു.
മലപ്പുറത്തെ പല വാടക കോർട്ടേഴ്സുകളിലായിട്ടായിരുന്നു തമിഴ്നാട് സ്വദേശികളായ ഇവർ താമസിച്ചിരുന്നത്. അമ്മ വീട്ടു ജോലിക്ക് പോയതിന് ശേഷമാണ് പ്രതി കുട്ടിയെ ഉപദ്രവിച്ചിരുന്നത്. ഒപ്പം പീഡന വിവരം പുറത്ത് പറയരുതെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഒരിക്കൽ കൂട്ടുകാരിയുമൊത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ പ്രതി ബലം പ്രയോഗിച്ച് വീട്ടിൽ വിളിച്ചു കൊണ്ടു പോയി പീഡിപ്പിച്ചു. പിന്നാലെ കുട്ടി പീഡന വിവരം സുഹൃത്തിനോട് പറയുകയായിരുന്നു. കൂട്ടുകാരിയുടെ നിർദ്ദേശ പ്രകാരം കുട്ടി സംഭവം അമ്മയോട് പറഞ്ഞു. തുടർന്ന് അമ്മയാണ് പൊലീസിൽ പരാതി നൽകിയത്.
ഒപ്പം കേസിൽ 12 സാക്ഷികളെയും 24 രേഖകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. സംഭവത്തിനുശേഷം കുട്ടിയെ നിർഭയ ഹോമിലേക്ക് മാറ്റി. 2022ൽ ഇവിടെ നിന്നും അമ്മയുടെ സംരക്ഷണയിൽ വിട്ട കുട്ടിയെ പ്രതി വീണ്ടും ലൈംഗികമായി ഉപദ്രവിച്ചു. നിലവിൽ ഈ കേസ് കോടതിയുടെ പരിഗണയിലാണ്.