ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്ത കാര്‍ യാത്രക്കാര്‍ ഒഴുക്കില്‍പെട്ടു
കാസര്‍ഗോഡ്: കാസര്‍ഗോഡ് കുറ്റിക്കോലില്‍ ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്ത കാര്‍ യാത്രക്കാര്‍ ഒഴുക്കില്‍പെട്ടു. പാലത്തിന് കൈവരി ഇല്ലാത്തതിനാല്‍ കാര്‍ പുഴയിലേക്ക് വീഴുകയായിരുന്നു. കാറില്‍ ഉണ്ടായിരുന്ന റാഷിദ്, തസ്രീഫ് എന്നിവരെ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി. ഇന്ന് രാവിലെ ആറ് മണിയോടെയാണ് അപകടം നടന്നത്. കാഞ്ഞങ്ങാട് നിന്ന് പുത്തൂരിലേക്ക് പോവുകയായിരുന്നു ഇവര്‍. ഗൂഗിള്‍ മാപ്പ് നോക്കിയായിരുന്നു യാത്ര.
പാലത്തിന്റെ നിരപ്പില്‍ വെള്ളമുണ്ടായിരുന്നതിനാല്‍ പാലമേതെന്ന് തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. പുഴയിലേക്ക് മറിഞ്ഞ കാറില്‍ നിന്നും പുറത്തിറങ്ങിയ ഇരുവരും ഒഴുക്കില്‍പ്പെട്ടിരുന്നു. ഒരു മരത്തില്‍ പിടിച്ച് നില്‍ക്കുകയായിരുന്ന ഇവരെ ഫയര്‍ ഫോഴ്സ് സംഘമെത്തി രക്ഷപ്പെടുത്തുകയായിരുന്നു. സാരമായി പരുക്കേറ്റ യാത്രക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.