x
NE WS KE RA LA
Crime Kerala

കളമശേരി പോളിടെക്നിക്കിലെ കഞ്ചാവ് വേട്ട ; കാണാതായ രണ്ട് കിലോ കഞ്ചാവിനായി പൊലീസ് തെരച്ചിൽ

കളമശേരി പോളിടെക്നിക്കിലെ കഞ്ചാവ് വേട്ട ; കാണാതായ രണ്ട് കിലോ കഞ്ചാവിനായി പൊലീസ് തെരച്ചിൽ
  • PublishedMarch 17, 2025

കൊച്ചി : കളമശ്ശേരി പോളിടെക്നിക് കോളേജ് ഹോസ്റ്റലിലെ കഞ്ചാവ് വിൽപ്പനയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത്. ഇന്നലെ പിടിയിലായ മുഖ്യപ്രതി കൊല്ലം സ്വദേശി അനുരാജ് ഹോസ്റ്റലിൽ കഞ്ചാവ് എത്തിച്ച് വിപണനം തുടങ്ങിയിട്ട് 6 മാസമായെന്ന് പൊലീസ് കണ്ടെത്തി. നാല് കിലോ കഞ്ചാവാണ് അനുരാജ് വാങ്ങിയിരിക്കുന്നത്. എന്നാൽ 2 കിലോ മാത്രമാണ് പിടിച്ചെടുത്തിരിക്കുന്നത്. കാണാതായ രണ്ട് കിലോ കഞ്ചാവിന് വേണ്ടി പൊലീസ് തെരച്ചിൽ തുടരുകയാണ്. വിൽപ്പനക്കുള്ള കഞ്ചാവ് വാങ്ങാൻ അനുരാജ് ഗൂഗിൾ പേ വഴി 16000 രൂപയും ബാക്കി പണം നേരിട്ടും കൈമാറിയെന്നും പൊലീസ് പറഞ്ഞു.

അനുരാജാണ് ഹോളി ആഘോഷത്തിന്റെ മറവിൽ കളമശ്ശേരി പോളിടെക്നിക്കിലേക്ക് കഞ്ചാവ് എത്തിക്കാൻ പണം പിരിച്ചിരിക്കുന്നത്. വ്യാപക പണപ്പിരിവ് നടത്തിയില്ലെന്നും കുറച്ചു പേർക്കാണ് കഞ്ചാവ് എത്തിച്ചതെന്നുമാണ് അനുരാജിന്റെ മൊഴി. റിമാൻഡിലുള്ള അനുരാജിനായി കസ്റ്റഡി അപേക്ഷ നൽകും.

ഇതര സംസ്ഥാനക്കാരന് പണം നൽകി ഹോസ്റ്റലിലേക്ക് കഞ്ചാവ് എത്തിച്ച ആലുവ സ്വദേശികളായ കോളേജിലെ പൂർവ വിദ്യാർത്ഥികളായ ഷാലിക്കും ആഷിക്കും നൽകിയ മൊഴികളാണ് ലഹരിവേട്ടയിൽ നിർണായകമായത്. കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിയായ അനുരാജ് കഞ്ചാവ് വാങ്ങാൻ പണം പിരിച്ച് പൂർവ വിദ്യാർത്ഥികളായ ആഷിക്കിനെയും ഷാലിക്കിനെയും ഏൽപ്പിക്കുകയായിരുന്നുവെന്നായിരുന്നു മൊഴിയിൽ പറഞ്ഞത്. വിതരണത്തിനായി എത്തിച്ച രണ്ടു കിലോയോളം കഞ്ചാവ് ആകാശിന്റെ മുറിയിലാണ് സൂക്ഷിച്ചത്. അർധ രാത്രി പൊലീസ് സംഘം ക്യാമ്പസിൽ പരിശോധന നടത്തുമ്പോൾ അനുരാജ് സ്ഥലത്തുണ്ടായിരുന്നില്ല. നാല് കിലോയോളം കഞ്ചാവ് വാങ്ങിയ ഇയാൾ മറ്റിടങ്ങളിൽ ഇത് വിതരണം ചെയ്തോ എന്നും അന്വേഷിച്ചു വരികയാണ്. എന്നാൽ ഇതര സംസ്ഥാനക്കാരനായ ലഹരി വിൽപ്പനക്കാരനെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *