ഹരിപ്പാട്: നിയന്ത്രണം തെറ്റിയ ബസ് വൈദ്യുതി തൂണിൽ ഇടിച്ച് അപകടം. ബസ് സമീപത്തെ പാടത്തേക്ക് ചരിഞ്ഞു. ആനാരി വടക്കേക്കരയിലെ പായിപ്പാട് -കണ്ണഞ്ചേരി റോഡിൽ ആനാരി ഗുരുമന്ദിരത്തിനു സമീപമാണ് സംഭവം നടന്നത്.
തൃക്കുന്നപ്പുഴ-ആയാപറമ്പ് പാണ്ടി റൂട്ടിൽ ഓടുന്ന അച്ചുമോൻ എന്ന ബസ്സാണ് റോഡിലെ കുഴിയിൽ വീണ് ആക്സിൽ ഒടിഞ്ഞതിനെ തുടർന്ന് നിയന്ത്രണം വിട്ട് റോഡരികിലെ വൈദ്യുത പോസ്റ്റിൽ ഇടിച്ചത്. തുടന്ന് റോഡിന്റെ സംരക്ഷണ ഭിത്തിയിൽ തട്ടി നിൽക്കുകയായിരുന്നു . ഇടിയുടെ ആഘാതത്തിൽ വൈദ്യുത തൂൺ ഒടിഞ്ഞു വീണെങ്കിലും ഉടൻ വൈദ്യുത ബന്ധം തനിയെ വിച്ഛേദിക്കപ്പെട്ടതിനാൽ വൻ ദുരന്തം ഒഴിവായി
രാവിലെ ആയതിനാൽ ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. ബസ് യാത്രക്കാരും ബസ് ജീവനക്കാരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
വർഷങ്ങളായി ആയാപറമ്പ് -പാണ്ടി ഭാഗത്ത് നടത്തുന്ന അനധികൃത മണൽ ഖനനവും, മണൽ വഹിച്ചു കൊണ്ടുപോകുന്ന കൂറ്റൻ ടോറസ് ലോറികൾ നിരന്തരം ഓടിയുമാണ് പ്രദേശത്തെ റോഡുകൾ മുഴുവൻ തകർന്നു പോയതെന്നും. അനധികൃത മണൽ ഖനനം നിർത്തുവാനോ തകർന്ന റോഡുകൾ നന്നാക്കുവാനോ അധികൃതർ തയ്യാറാകാത്തതു മൂലമാണ് ഇതുപോലെയുള്ള അപകടങ്ങൾ ഉണ്ടാകുന്നതെന്നും നാട്ടുകാർ പറഞ്ഞു