തെലങ്കാനയിൽ ബസിന് തീപിടിച്ചു; ജീവനക്കാരുടെ സമയോചിത ഇടപെടലിൽ യാത്രക്കാർക്ക് രക്ഷ
ഹൈദരാബാദ്: തെലങ്കാനയിൽ വീണ്ടും ബസിന് തീപിടിച്ചു. വിഹാരി ട്രാവൽസ് എന്ന സ്വകാര്യ എസി ട്രാവൽസ് ബസിനാണ് തീ പിടിച്ചത്. ജീവനക്കാരുടെ സമയോചിത ഇടപെടലിൽ യാത്രക്കാർ രക്ഷപ്പെട്ടു. 29 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. ഹൈദരാബാദ്- വിജയവാഡ ദേശീയപാതയിലാണ് സംഭവം. ബസ് പൂർണമായും കത്തി നശിച്ചു.
ദേശീയപാത 65-ൽ തെലങ്കാനയിലെ നൽഗൊണ്ട ജില്ലയിലാണ് അപകടമുണ്ടായത്. ഹൈദരാബാദിലെ ബിഎച്ച്ഇഎൽ എന്ന സ്ഥലത്തു നിന്ന് നെല്ലൂരിലേക്ക് പോവുകയായിരുന്നു ബസ്. പുലർച്ചെ 1.30 ഓടെയാണ് സംഭവമെന്ന് ചിറ്റ്യാല പൊലീസ് വ്യക്തമാക്കി. ഡ്രൈവറും കണ്ടക്ടറും ചേർന്ന് എല്ലാ യാത്രക്കാരെയും പുറത്തിറക്കി.
“ബസിനുള്ളിൽ പെട്ടെന്ന് തീ പടർന്നുപിടിക്കുകയായിരുന്നു. അപകട വിവരം ലഭിച്ച ഉടൻ തന്നെ ഞങ്ങളുടെ സംഘം ഫയർ ഫോഴ്സ് സംഘത്തോടൊപ്പം സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി”- പൊലീസ് പറഞ്ഞു. തീപിടിത്തത്തിന്‍റെ കാരണം കണ്ടെത്താൻ അന്വേഷണം തുടങ്ങിയെന്നും പൊലീസ് കൂട്ടിച്ചേർത്തു.