ഇടുക്കിയിൽ ബസും ജീപ്പും കൂട്ടിയിടിച്ച് അപകടം; 10 പേർക്ക് പരിക്ക്
ഇടുക്കി: അണക്കരക്ക് സമീപം കടശ്ശിക്കടവിൽ ബസും ജീപ്പും കൂട്ടിയിടിച്ച് അപകടം. ഇന്ന് പുലർച്ചെയാണ് സംഭവം. അപകടത്തിൽ 10 പേർക്ക് പരിക്കേറ്റു. തമിഴ് നാട്ടിൽ നിന്നും ഏലത്തോട്ടത്തിലേക്ക് ഉള്ള തൊഴിലാളികളുമായി എത്തിയ ജീപ്പ് ആണ് അപകടത്തിൽപ്പെട്ടത്. ജീപ്പിന്റെ അമിത വേഗമാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം. കുമളിയിൽ നിന്നും കട്ടപ്പനയിലേക്ക് പോയ ബസ്സുമായാണ് ജീപ്പ് കൂട്ടിയിടിച്ചത്. ജീപ്പിൽ ആകെ 20 ഓളം പേരാണ് ഉണ്ടായിരുന്നത്. ജീപ്പിന്റെ മുൻ ഭാഗം പൂർണമായും തകർന്നു
ജീപ്പിന്റെ ഒരു ഡോർ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ ഉൾപ്പെടെ പുറത്തെടുത്തത്. പരിക്കേറ്റവരെ ആദ്യം അണക്കരയിലുള്ള സ്വകാര്യ ആശുപത്രിയിലേക്കും.ഗുരുതരമായി പരിക്കേറ്റവരെ അവിടെ നിന്ന് വീണ്ടും തേനി മെഡിക്കൽ കോളജിലേക്കും മാറ്റി. പ്രദേശത്തുണ്ടായിരുന്ന ആളുകളും ബസിലുണ്ടായിരുന്ന ആളുകളും ചേർന്നാണ് രക്ഷാ പ്രവർത്തനം നടത്തിയത്. തമിഴ്നാട്ടിൽ നിന്നും തൊഴിലാളികളുമായി എത്തുന്ന ജീപ്പിന് അമിത വേഗതയുണ്ടെന്നും സ്ഥിരമായി ഇത്തരത്തിൽ അപകടമുണ്ടാകുന്നുവെന്നുമുള്ള പരാതി നേരത്തെ ഉണ്ട്.