കശാപ്പിന് എത്തിച്ച പോത്ത് വിരണ്ടോടി; മൂന്നുപേര്‍ക്ക് പരിക്ക്

കാട്ടാക്കട: തിരുവനന്തപുരം കാട്ടാക്കടയില്‍ കശാപ്പിന് എത്തിച്ച പോത്ത് വിരണ്ടോടി. വിരണ്ടോടിയ പോത്തിന്റെ ആക്രമണത്തില്‍ വഴിയാത്രക്കാരായ മൂന്നുപേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. നുള്ളിയോട് സ്വദേശി വേണു, മഞ്ചന്‍കോട് സ്വദേശി അഗസ്റ്റിന്‍, രാജു എന്നിവര്‍ക്കാണ് പരിക്കുപറ്റിയത്. വേണു ആശുപത്രിയില്‍ ചികിത്സ തേടി. മറ്റുള്ളവരുടെ പരിക്ക് സാരമുള്ളതല്ല. അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്ന് ഒരുമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് പോത്തിനെ കീഴടക്കിയത്.
കശാപ്പു ചെയ്യുന്നതിനായി ചെമ്പൂര്‍ സ്വദേശിയായ അബു കഴിഞ്ഞ ദിവസം വാങ്ങിയ പോത്താണ് വിരണ്ടോടിയത്. ചെമ്പൂരിന് സമീപം മൊട്ടലും മൂടില്‍ നിന്ന് വിരണ്ടോടിയ പോത്ത് അഞ്ചു കിലോമീറ്ററോളം ചുറ്റളവില്‍ പരിഭ്രാന്തി പരത്തി. വഴിയരികിലെ ഇരുചക്രവാഹനങ്ങൾ ഉള്‍പ്പെടെ കുത്തിമറിക്കുകയും ചെയ്തു
പോത്തിനെ വാഴ്ചയില്‍ ഇമ്മാനുവല്‍ കോളേജിന് സമീപത്തുവെച്ച് അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്നാണ് പിടി കൂടിയത്.