x
NE WS KE RA LA
Uncategorized

ബ്രൂവറി : എതിർപ്പ് പരസ്യമാക്കി സി പി ഐ ;മന്ത്രി കൃഷ്ണൻ കുട്ടിക്കെതിരെ ജനതാ ദള്ളിൽ വിമർശനം

ബ്രൂവറി : എതിർപ്പ് പരസ്യമാക്കി സി പി ഐ ;മന്ത്രി കൃഷ്ണൻ കുട്ടിക്കെതിരെ ജനതാ ദള്ളിൽ വിമർശനം
  • PublishedJanuary 29, 2025

പാലക്കാട്: മദ്യനിർമാണശാലക്കെതിരെയുള്ള നിലപാട് പരസ്യമാക്കി സിപിഐ രംഗത്ത്. പാർട്ടി മുഖപത്രത്തിലെ ലേഖനത്തിലൂടെയാണ് സിപിഐ നിലപാട് അറിയിച്ചിരിക്കുന്നത്. കൃഷിക്കാരിലും കർഷക തൊഴിലാളികളിലും ആശങ്ക ഉണ്ടാക്കിയെന്നും ലേഖനത്തിൽ വിമർശിക്കുന്നു. പാർട്ടി ദേശീയ കൗൺസിൽ അം​ഗം സത്യൻ മൊകേരിയാണ് ലേഖനം എഴുതിയിരിക്കുന്നത്. വെള്ളം മദ്യനിർമാണ കമ്പനിക്ക് വിട്ടുനൽകിയാൽ നെൽകൃഷി ഇല്ലാതാകും. സംസ്ഥാന താൽപര്യത്തിന് നിരക്കാത്ത പദ്ധതിയിൽ നിന്ന് സർക്കാർ പിൻമാറണമെന്നും ലേഖനത്തിൽ പറയുന്നു.

ബ്രൂവറി വിവാദത്തിൽ ജനതാദൾ എസിലും കടുത്ത പ്രതിഷേധം നടന്നു. മന്ത്രിസഭാ യോഗത്തിൽ എതിർപ്പറിയിക്കാത്ത കെ. കൃഷ്ണൻകുട്ടിക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പ്രസിഡന്‍റുമാർ സംസ്ഥാന പ്രസിഡന്‍റിന് കത്ത് നൽകി. മന്ത്രിയെ മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് കത്ത് നൽകിയിരിക്കുന്നത് .

സമീപകാലത്ത് കേരളത്തില്‍ ചര്‍ച്ചാവിഷയമായ പാലക്കാട്ടെ ബ്രൂവറി പ്ലാന്റ് കൃഷിക്കാരിലും കര്‍ഷകത്തൊഴിലാളികളിലും ആശങ്ക ഉണ്ടാക്കിയിരിക്കുകയാണ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ നെല്‍കൃഷി ചെയ്യുന്ന സ്ഥലമാണ് പാലക്കാട്. പാലക്കാട്ടെ നെല്‍കൃഷി അഭിവൃദ്ധിപ്പെടുത്തുന്നതിനായി രൂപം നല്‍കിയതാണ് മലമ്പുഴ ഡാം. നെല്‍കൃഷി ചെയ്യുന്നതിന് ആവശ്യമായ ജലം ലഭ്യമാക്കുകയെന്നത് മലമ്പുഴ ഡാമിന്റെ ഉദ്ദേശ ലക്ഷ്യങ്ങളില്‍ വ്യക്തമാക്കി.

മലമ്പുഴ ഡാമിലെ വെള്ളത്തിന്റെ അളവ് കുറഞ്ഞുവരികയാണ്. ഇപ്പോഴുണ്ടാകുന്ന വെള്ളം പൂര്‍ണമായും കൃഷിക്ക് ലഭിക്കാത്ത സാഹചര്യവും വന്നു ചേര്‍ന്നിരിക്കുകയാണ്. വെള്ളം മറ്റുപല ആവശ്യങ്ങള്‍ക്കും വിട്ടുനല്‍കുന്ന പ്രവണത വര്‍ധിച്ചുവരുന്നതിനാൽ കൃഷിക്ക് ആവശ്യമായ വെള്ളം ലഭിക്കാത്ത സന്ദര്‍ഭങ്ങള്‍ പല ഘട്ടങ്ങളിലും ഉണ്ടാകുന്നുണ്ടെന്നും. വെള്ളം ലഭിക്കാത്തതിനാല്‍ നെല്‍ക്കര്‍ഷകര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ വിവിധ ഘട്ടങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. കര്‍ഷകര്‍ പ്രക്ഷോഭങ്ങള്‍ നടത്തിയിട്ടുണ്ട്.

മദ്യ കമ്പനി വെള്ളം ചൂഷണം ചെയ്യുന്നതോടെ കൃഷിക്ക് ആവശ്യമായ വെള്ളം ലഭിക്കില്ല. അതിലൂടെ കാര്‍ഷികമേഖലയാകെത്തന്നെ സ്തംഭനത്തില്‍ ആകുന്ന ഗുരുതരമായ സാഹചര്യമാണ് ഉണ്ടാവുക. എലപ്പുള്ളി പ്രദേശം ചിറ്റൂര്‍ മേഖലയിലാണ്. സംസ്ഥാനത്ത് ഭൂഗര്‍ഭ ജലം ഏറ്റവും കുറഞ്ഞ മേഖലയാണ് ഇത് എന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മലമ്പുഴ ഡാമില്‍ നിന്നും കൃഷിക്ക് ലഭിക്കേണ്ടുന്ന വെള്ളം മദ്യനിര്‍മ്മാണ കമ്പനിക്ക് വിട്ടുനല്‍കിയാല്‍ നെല്‍കൃഷി മേഖല ആകെ ഇല്ലാതാകും.

ലക്ഷക്കണക്കിന് കര്‍ഷകരുടെയും കര്‍ഷക തൊഴിലാളികളുടെയും ജീവിതമേഖലയാണ് കൃഷി. ഭക്ഷ്യസുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുകയും കൃഷിയെ തടസപ്പെടുത്തുകയും ചെയ്യുന്ന പദ്ധതികള്‍ സംസ്ഥാനത്തിന്‍റെ താല്‍പര്യത്തിന് നിരക്കുന്നതല്ലെന്നും ലേഖനത്തില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *