x
NE WS KE RA LA
Uncategorized

ബോളിവുഡ് താരം സെയ്ഫ് അലിഖാൻ ആശുപത്രി വിട്ടു

ബോളിവുഡ് താരം സെയ്ഫ് അലിഖാൻ ആശുപത്രി വിട്ടു
  • PublishedJanuary 21, 2025

മുംബൈ: കുത്തേറ്റ് ചികിത്സയിലായിരുന്ന ബോളിവുഡ് താരം സെയ്ഫ് അലിഖാൻ ആശുപത്രി വിട്ടു. മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ അഞ്ചുദിവസത്തോളം ചികിത്സയിലായിരുന്ന സെയ്ഫ്. സെയ്ഫിന്റെ ഭാര്യയും ബോളിവുഡ് താരവുമായ കരീന കപൂര്‍, മകള്‍ സാറാ അലിഖാന്‍ എന്നിവര്‍ രാവിലെയോടെ ആശുപത്രിയില്‍ എത്തി.

ആശുപത്രി വിടുന്ന സെയ്ഫ് അലിഖാന്‍ ബാന്ദ്രയിലെ ഫോര്‍ച്യൂണ്‍ ഹൈറ്റ്‌സ് വീട്ടിലേക്കാവും തിരിച്ചുപോവുകയെന്നാണ് സൂചനകൾ പറയുന്നത്. ഇവിടെ സുരക്ഷ വര്‍ധിപ്പിച്ചിരിക്കുകയാണ്. മുംബൈ പോലീസ് ഇവിടെ മുഴുവന്‍ സമയം നിരീക്ഷണം നടത്തുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വീടുമാറാനുള്ള തീരുമാനം കരീന കപൂറിന്റേതായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

വ്യാഴാഴ്ച പുലര്‍ച്ചെയാണ് ബാന്ദ്രയിലെ വസതിയില്‍ അതിക്രമിച്ച് കയറി സെയ്ഫ് അലി ഖാനെ ആക്രമിച്ചത്. ആക്രമണത്തില്‍ നടന് ആറ് തവണ കുത്തേല്‍ക്കുകയും കത്തി മുറിഞ്ഞ് ശരീരത്തില്‍ തറയ്ക്കുകയും ചെയ്തു. ആക്രമണശേഷം പ്രതി വീട്ടില്‍ നിന്ന് രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടിരുന്നു. നടനെ ആക്രമിച്ച സംഭവത്തിൽ ബംഗ്ലാദേശ് സ്വദേശി ഷരീഫുൾ ഇസ്ലാമിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

കുട്ടികളുടെ മുറിയില്‍ കള്ളന്‍ കയറിയെന്ന് സഹായികളില്‍ ഒരാള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് സെയ്ഫ് മുറിയിലെത്തിയത്. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലിലാണ് പ്രതി സെയ്ഫ് അലി ഖാനെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. ശരീരത്തില്‍ ആറ് തവണയാണ് കുത്തേറ്റത്. ഗുരുതരമായ പരിക്കില്‍ നിന്ന് തലനാരിഴയ്ക്കാണ് സെയ്ഫ് രക്ഷപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അഞ്ച് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കൊടുവിലാണ് ശരീരത്തില്‍ കുടുങ്ങിയ കത്തി നീക്കം ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *