വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ തമിഴ്നാട്ടിലെ രാമേശ്വരത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. സ്റ്റെല്ലസ് ഇരയമ്മൻ എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്.
കഴിഞ്ഞ മാസം 30ന് വിഴിഞ്ഞത്തു നിന്ന് പോയ വള്ളംമറിഞ്ഞാണ് അപകടം സംഭവിച്ചത് . അഞ്ച് പേരായിരുന്നു വള്ളത്തിൽ ഉണ്ടായിരുന്നത്. ഇതിൽ രണ്ട് പേർ കടലിൽ പോകുകയും ബാക്കി മൂന്ന് പേർ നീന്തി രക്ഷപ്പെടുകയുമായിരുന്നു. കാണാതായ ഒരാളുടെ മൃതദേഹം പൂവാർ ഭാഗത്ത് നിന്ന് നേരത്തെ കണ്ടെത്തിയിരുന്നു. എന്നാൽ സ്റ്റെല്ലസ് ഇരയമ്മനായി തിരച്ചിൽ നടത്തിയിരുന്നുവെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. കടൽ ക്ഷോഭമുണ്ടായിരുന്ന ഘട്ടത്തിലാണ് മത്സ്യബന്ധന വള്ളം മറിയുന്നതും തൊഴിലാളികളെ കാണാതാവുകയും ചെയ്തത്.