കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി

കൂത്തുപറമ്പ്;കണ്ണൂര്‍ പാട്യം മുതിയങ്ങയില്‍ കാണാതായ വയോധികയുടെ മൃതദേഹം തോട്ടില്‍ കണ്ടെത്തി. മുതിയങ്ങ ശങ്കരവിലാസം യുപി സ്‌കൂളിന് സമീപം വിനോദ് ഭവനില്‍ നളിനിയുടെ (70) മൃതദേഹമാണ് ഇന്നു രാവിലെ പത്തോടെ വീടിനു സമീപത്തെ തോട്ടില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ എട്ടോടെയാണ് നളിനിയെ കാണാതായത്.
വീട്ടില്‍നിന്നും കാണാതായതിനെ തുടര്‍ന്ന് സമീപ പ്രദേശങ്ങളില്‍ തിരച്ചില്‍ നടത്തിയിരുന്നു. നളിനി വീടിനു സമീപത്തെ തോട്ടില്‍ വീണതാകാം എന്ന സംശയത്തില്‍ സമീപത്തെ തോട്ടിലും പുഴയിലും തിരച്ചില്‍ നടത്തി. കണ്ണൂര്‍, തലശ്ശേരി, കൂത്തുപറമ്പ്, മട്ടന്നൂര്‍, പാനൂര്‍, പേരാവൂര്‍ എന്നിവിടങ്ങളിലെ അഗ്‌നിരക്ഷാ സേനയും സ്‌കൂബ ടീമും നാട്ടുകാരും ജനപ്രതിനിധികളും ചേര്‍ന്നാണ് തിരച്ചില്‍ നടത്തിയത്.
പുഴയിലെ ഒഴുക്കും ശക്തമായ മഴയും കാരണം ഇന്നലെ തിരച്ചിലിന് പ്രയാസം നേരിട്ടിരുന്നു. ഇന്ന് രാവിലെ വിവിധ ഭാഗങ്ങളിലെ ഫയര്‍ഫോഴ്‌സ് സംഘം എത്തി പാത്തിപാലം പുഴയില്‍ ഉള്‍പ്പടെ തിരച്ചില്‍ നടത്താനുള്ള തയാറെടുപ്പ് നടത്തവെയാണ് മൃതദേഹം കണ്ടെത്തിയത്.