തിരുവനന്തപുരത്ത് വീടിനുള്ളിയിൽ വയോധികയുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: ആര്യനാട് കൊക്കോട്ടേലയിൽ വീടിനുള്ളിയിൽ വയോധികയുടെ മൃതദേഹം കണ്ടെത്തി. പൂച്ചപ്പാറ കളത്തിൽ വീട്ടിൽ സതികുമാരി(65)യുടെ മൃതദേഹമാണ് അഴുകിയ നിലയിൽ കണ്ടെത്തിയിരിക്കുന്നത്. സ്വന്തം വീട് പുതുക്കിപ്പണിയുന്നതിനാൽ ബോംബെയിൽ താമസിക്കുന്ന സഹോദരിയുടെ കൊക്കേട്ടല ജംഗ്ഷന് സമീപമുള്ള വീട്ടിലാണ് ഇവർ ഒറ്റക്ക് താമസിച്ചിരുന്നത്.
ശ്വാസകോശ സംബന്ധമായ അസുഖമുണ്ടായിരുന്ന ഇവരെ കഴിഞ്ഞ മൂന്ന് ദിവസങ്ങൾക്ക് മുമ്പ് പ്രദേശത്ത് കണ്ടതായി അയൽവാസികൾ പറഞ്ഞു . ഇന്നലെ വൈകുന്നേരം വീട്ടിൽ നിന്നും ദുർഗന്ധം വമിക്കുകയും ഈച്ചയും കണ്ടതിനാൽ അയൽവാസികൾ വീട്ടുവളപ്പിൽ നടത്തിയ പരിശോധനയിൽ വീട്ടിനുള്ളിൽ ലൈറ്റുകൾ തെളിഞ്ഞ നിലയിൽ കാണുകയും . ഇതോടെ വീടിനകത്ത് ആളുണ്ടായിരുന്നു എന്ന സംശയമുയർന്നു.
പിന്നാലെ നാട്ടുകാർ വാർഡ് മെമ്പറെയും പൊലീസിനെയും വിവരം അറിയിക്കുകയുമായിരുന്നു. നെയ്യാർ ഡാം പൊലീസ് സ്ഥലത്തെത്തി വീട് തുറന്നപ്പോഴാണ് അഴുകിയ നിലയിൽ വയോധികയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് നാല് ദിവസത്തോളം പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. നടപടികൾക്ക് ശേഷം മൃതദേഹം സംസ്കരിച്ചു.