20 കാരൻ്റെ മൃതദേഹം കിടപ്പ് മുറിയിൽ കണ്ടെത്തി ; തിടുക്കപ്പെട്ട് സംസ്‌കരിക്കാൻ കുടുംബത്തിൻ്റെ ശ്രമം
ആലപ്പുഴ: മണ്ണഞ്ചേരിയിൽ വീടിനുള്ളിൽ 20 കാരനെ മരിച്ച നിലയിൽ കണ്ടെത്തി. എന്നാൽ മൃതദേഹം നടപടിക്രമങ്ങൾ പാലിക്കാതെ സംസ്‌കരിക്കാൻ കുടുംബത്തിന്റെ ശ്രമം നിർത്തി വച്ച് പൊലീസ്. മണ്ണഞ്ചേരി സ്വദേശി അർജുൻ്റെ മൃതദേഹമാണ് വീട്ടുകാർ സംസ്‌കരിക്കാൻ ശ്രമിച്ചത്. യുവാവ് തൂങ്ങിമരിച്ചതെന്നാണ് പ്രാഥമിക വിവരം. യുവാവ് കിടപ്പുമുറിയിലെ കട്ടിലിൽ മരിച്ചു കിടക്കുകയായിരുന്നു എന്നാണ് കുടുംബം പൊലീസിനോട് പറഞ്ഞു. മറ്റ് സംശയങ്ങൾ ഇല്ലാത്തതിനാലാണ് പൊലീസിൽ അറിയിക്കാതെ മൃതദേഹം ചിതയൊരുക്കി സംസ്കരിക്കാൻ തീരുമാനിച്ചതെന്നാണ് കുടുംബം പറഞ്ഞത്.
തൊട്ടടുത്ത് തന്നെയുള്ള അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും വീട്ടിലാണ് അർജുൻ കിടക്കുന്നത്. ഇന്ന് രാവിലെ അർജുൻ എഴുന്നേൽക്കുന്നത് കാണാതിരുന്നതോടെ മുറി തുറന്ന് നോക്കിയപ്പോൾ തൂങ്ങിമരിച്ച നിലയിലാണ് കണ്ടതെന്നാണ് അപ്പൂപ്പൻ പൊലീസിന് നൽകിയ മൊഴി നൽകി. താനാണ് മൃതദേഹം കണ്ടതെന്നും അദ്ദേഹം പൊലീസിനോട് പറഞ്ഞു.