അറിവ് പങ്കിടല്‍ കേന്ദ്രമായി ബോധി ലൈബ്രറികള്‍

ഇടുക്കി: എപ്പോഴാണ് നിങ്ങള്‍ അവസാനമായി ഒരു ലൈബ്രറി സന്ദര്‍ശിച്ചത്? ഡിജിറ്റല്‍ ലോകത്തിനപ്പുറത്തേയ്ക്ക് ഒരു ലോകം ചിന്തിക്കാന്‍ കഴിയാത്ത നഗര വാസികള്‍ക്ക് ഈ ചോദ്യം അല്‍പ്പം പഴഞ്ചനായി തോന്നും. എന്നാല്‍ ഇടുക്കിയിലെ ചിന്നാര്‍ വന്യജീവി സങ്കേതത്തിലെ കാടിനുള്ളില്‍ ജീവിക്കുന്ന ആദിവാസി വിഭാഗത്തിലുള്ള കുട്ടികള്‍ കഥകള്‍ വായിക്കുന്നു. യുവാക്കള്‍ പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നു. അറിവ് പങ്കിടല്‍ കേന്ദ്രമായി ബോധി ലൈബ്രറികള്‍ മാറി കഴിഞ്ഞു.
2016ല്‍ വനം വകുപ്പാണ് ബോധി ലൈബ്രറികള്‍ ആരംഭിച്ചത്. പിന്നാക്കം നില്‍ക്കുന്ന ആദിവാസി സമൂഹത്തിന്റെ ജീവിതം പരിവര്‍ത്തനം ചെയ്യുന്നതിനായി വകുപ്പ് തുടക്കത്തില്‍ മൂന്ന് ലൈബ്രറികളാണുണ്ടായിരുന്നതെന്ന് സിഡബ്ല്യുസി സാമൂഹിക പ്രവര്‍ത്തകയും ലൈബ്രറി കോര്‍ഡിനേറ്ററുമായ മിനി കാശി ദി ന്യൂ ഇന്ത്യന്‍എക്സ്പ്രസിനോട് പറഞ്ഞു. 2016ല്‍ ചിന്നാര്‍, ആലംപെട്ടി, ഇരുട്ടല കുടി എന്നിവിടങ്ങളില്‍ ലൈബ്രറികള്‍ ആരംഭിച്ചു. തൊട്ടടുത്ത വര്‍ഷം പാലപ്പെട്ടി, പുതുക്കുടി എന്നിവടങ്ങില്‍ കൂടി രണ്ട് ലൈബ്രറികള്‍ ആരംഭിച്ചു. 2020 ആയപ്പോഴേക്കും ലൈബ്രറികളുടെ എണ്ണം 10 ആയി ഉയര്‍ന്നു. എല്ലാം കേരള ലൈബ്രറി കൗണ്‍സിലുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് മിനി പറഞ്ഞു.
”ആദ്യമൊന്നും ലൈബ്രറികളില്‍ എത്തി വായിക്കാന്‍ വലിയ താല്‍പ്പര്യം ഇവര്‍ പ്രകടിപ്പിച്ചിരുന്നില്ല. മുതുവാന്‍ ഭാഷയില്‍ കൂടുതലായി ആശയവിനിമയം നടത്തുന്ന കുട്ടികള്‍ ലൈബ്രറിയില്‍ എത്തിയില്ല. വിദ്യാസമ്പന്നരായ യുവാക്കളുടെ പിന്തുണയോടെ ഇത് പരിഹരിക്കാന്‍ വകുപ്പ് നീക്കം നടത്തി. പത്താം ക്ലാസ് പാസായവരെ ലൈബ്രേറിയന്‍മാരായി നിയമിച്ചു. അവര്‍ക്ക് പ്രതിമാസ ഓണറേറിയം നല്‍കി. വായിക്കാന്‍ അറിയുന്നവര്‍ ലൈബ്രറികള്‍ക്കുള്ളില്‍ ആദിവാസി കുട്ടികള്‍ക്കായി കഥകള്‍ വായിക്കാന്‍ തുടങ്ങി. അതുവഴി ക്രമേണ അവര്‍ക്ക് പുസ്തകങ്ങളോടുള്ള സ്നേഹം വളര്‍ന്നു”, മിനി പറയുന്നു. മലയാളം, ഇംഗ്ലീഷ്, തമിഴ് ഭാഷകളിലായി ചെറുകഥകള്‍, നോവലുകള്‍, ചരിത്ര ഫിക്ഷന്‍ നോവലുകള്‍, പുരാതന ഇതിഹാസങ്ങള്‍ എന്നീ പുസ്‌കങ്ങള്‍ ഈ ലൈബ്രറികളിലുണ്ട്.
കതിവനൂര്‍ വീരന്റെ കോലമഴിച്ചു, അവസാന തെയ്യം പുര്‍ത്തിയാക്കി നാരായണ പെരുവണ്ണാന്‍ – വിഡിയോ
ലൈബ്രറികള്‍ ആദിവാസികളുടെ ജീവിതത്തില്‍ എന്തെങ്കിലും മാറ്റം വരുത്തിയോ എന്ന ചോദ്യത്തിനുള്ള മറുപടിയാണ് ഇവിടെ നിന്നുള്ള ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ മണി, രവി ചന്ദ്രന്‍, സവിത എന്നിവര്‍. ലൈബ്രറിയില്‍ കിട്ടുന്ന പുസ്തകങ്ങള്‍ ഉപയോഗിച്ച് പഠിച്ച് പിഎസ് സി പരീക്ഷ എഴുതിയാണ് ഇവര്‍ ജോലി നേടിയത്.
ഈ ലൈബ്രറികളില്‍ ഏകദേശം 25,000 പുസ്തകങ്ങളാണ് ഉള്ളത്. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ നല്‍കുന്ന പുസ്തകങ്ങള്‍ക്ക് പുറമെ വ്യക്തികളും സംഘടനകളും പുസ്തകങ്ങള്‍ സ്പോണ്‍സര്‍ ചെയ്യുന്നു. ചിന്നാറിലെ ലൈബ്രറിയില്‍ എത്തുന്ന പുസ്തകങ്ങള്‍ മറ്റ് 9 ലൈബ്രറികളിലേയ്ക്ക് വിതരണം ചെയ്യും.