വാഹനം തട്ടിയെടുത്ത ക്വട്ടേഷൻ കേസിൽ ബിജെപി നേതാവിൻ്റെ മകൻ അറസ്റ്റിൽ

കൊച്ചി: വാഹനം തട്ടിയെടുത്ത ക്വട്ടേഷൻ കേസിൽ ബിജെപി നേതാവിൻ്റെ മകൻ അറസ്റ്റിൽ. ബിജെപി എറണാകുളം നോർത്ത് ജില്ലാ പ്രസിഡൻ്റ് എം എ ബ്രഹ്മരാജിൻ്റെ മകൻ ആണ് അറസ്റ്റിലായിരിക്കുന്നത്. തിരിച്ചടവ് മുടങ്ങിയപ്പോൾ ഫിനാൻസ് കമ്പനി പിടിച്ചെടുത്ത് വിറ്റ ജീപ്പാണ് തട്ടിക്കൊണ്ട് പോയത്. ബ്രഹ്മരാജിൻ്റെ മകൻ അഭിജിത്ത് അടക്കം അഞ്ചുപേരെയാണ് നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത് . കൊല്ലം സ്വദേശിയായ ജോയ് മോൻ, എറണാകുളം സ്വദേശികളായ ഉമർ ഉൾ ഫാറൂഖ്, അഭിജിത്ത്, രാഹുൽ, മുഹമ്മദ് ബാസിത്ത് എന്നിവരാണ് അറസ്റ്റിലായത്.
ജോയ്മോൻ വാങ്ങിയ ജീപ്പാണ് തിരിച്ചടവ് മുടങ്ങിയതോടെ സ്വകാര്യ ഫിനാൻസ് കമ്പനി പിടിച്ചെടുത്തത്. നെടുങ്കണ്ടം സ്വദേശി അൻസാരി സലീമാണ് ഫിനാൻസ് കമ്പനിയിൽ നിന്നും വാഹനം വാങ്ങിയത്. ഇതാണ് നെടുങ്കണ്ടത്ത് നിന്ന് മോഷ്ടിച്ചത്. കൊല്ലം സ്വദേശിയാണ് വാഹനം തട്ടിയെടുക്കാൻ അഭിജിത്ത് ഉൾപ്പെടുന്ന ക്വട്ടേഷൻ സംഘത്തെ ഏൽപ്പിച്ചത്.