‘ബിജെപിക്ക് തമിഴ്നാട്ടില്‍ പ്രവേശനമില്ല, മോദി മാജിക് ഇവിടെ വിലപ്പോകില്ല’; മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍
തമിഴ്നാടിന്റെ അവകാശങ്ങളും ഭാഷയും സ്വത്വവും സംരക്ഷിക്കുമെന്നും സംസ്ഥാനത്തെ ഒരിക്കലും തലകുനിക്കാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ സ്ഥാപക ദിനവും പെരിയാറിന്റെയും അണ്ണായുടെയും ജന്മവാര്‍ഷികവും പ്രമാണിച്ച് കരൂരില്‍ നടന്ന ‘മൂപ്പെരും വിഴ’യില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര സര്‍ക്കാരിനെയും ബിജെപിയെയും സ്റ്റാലിന്‍ കടന്നാക്രമിക്കുകയും ചെയ്തു. ഇരട്ട അക്ക സാമ്പത്തിക വളര്‍ച്ച കൈവരിച്ച ഏക സംസ്ഥാനം തമിഴ്നാടാണെന്ന് പറഞ്ഞുകൊണ്ട് സര്‍ക്കാരിന്റെ പ്രധാന പദ്ധതികളും നേട്ടങ്ങളും സ്റ്റാലിന്‍ വിശദീകരിക്കുകയും ചെയ്തു.ബിജെപിക്കെതിരായ ശക്തമായ നിലപാടും കേന്ദ്രത്തിന്റെ അമിതമായ ഇടപെടലിനെക്കുറിച്ചും സ്റ്റാലിന്‍ പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഹിന്ദി അടിച്ചേല്‍പ്പിക്കല്‍ മുതല്‍ വിദ്യാഭ്യാസ ഫണ്ട് തടഞ്ഞുവയ്ക്കല്‍ വരെയുള്ള കാര്യങ്ങള്‍ അദ്ദേഹം പറഞ്ഞു. തമിഴ്നാടിനുമേല്‍ കേന്ദ്രം സാംസ്‌കാരികവും ഭരണപരവുമായ കാര്യങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണെന്ന് സ്റ്റാലിന്‍ ആരോപിച്ചു. മണ്ഡല പുനര്‍നിര്‍ണയവും മറ്റ് ഇടപെടലുകളും പോലുള്ള നടപടികളിലൂടെ സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ക്ക് ഭീഷണിയുണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.ബിജെപിയെ ഇപ്പോള്‍ തടഞ്ഞില്ലെങ്കില്‍ അവര്‍ സംസ്ഥാനങ്ങളില്ലാത്ത ഒരു രാജ്യത്തെ സൃഷ്ടിക്കും. ബിജെപിക്ക് തമിഴ്നാട്ടില്‍ പ്രവേശനമില്ല. മൂന്നാം തവണ അധികാരത്തില്‍ വന്നിട്ടും മോദി മാജിക് തമിഴ്നാട്ടില്‍ വിലപ്പോകില്ലെന്നും സ്റ്റാലിന്‍ പറഞ്ഞു.