ചെന്നൈ: ചാർജിങ്ങിനിടെ ഇലക്ട്രിക് ബൈക്ക് കത്തി. പിഞ്ചുകുഞ്ഞ് മരിച്ചു. തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ ഒരു കുടുംബത്തിലെ 3 പേരിൽ പിഞ്ചുകുഞ്ഞ് ആണ് ചികിത്സയിലിരിക്കെ മരിച്ചത്. മധുരവയൽ ഭാഗ്യലക്ഷ്മി നഗറിലെ അപ്പാർട്മെന്റിൽ ഞായറാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ ഗൗതമൻ (31), ഭാര്യ മഞ്ജു (28), 9 മാസം പ്രായമുള്ള പെൺകുഞ്ഞ് എന്നിവർക്കാണ് പരുക്കേറ്റത്.
സംഭവത്തിൽ മഞ്ജു അപകടനില തരണം ചെയ്തു. 50 ശതമാനത്തിലേറെ പൊള്ളലേറ്റ ഗൗതമിന്റെ നില ഗുരുതരമായി തുടരുകയാണ്. രാത്രി ചാർജ് ചെയ്യാനിട്ട ബൈക്കിൽ നിന്ന് ഞായറാഴ്ച പുലർച്ചെ പുകയും രൂക്ഷഗന്ധവും ഉയരുകയും ചെയ്തു. അയൽവാസികളാണ് ഇവരെ കിൽപോക്ക് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. വാഹനം പൂർണമായും കത്തിനശിച്ചു. കേസെടുത്തെന്നും സംഭവം അന്വേഷിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.