ബംഗളൂരു: ബംഗളൂരുവില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് മലയാളി യുവാക്കള്‍ക്ക് ദാരുണാന്ത്യം.കണ്ണൂർ വെക്കലം നെടുമ്ബോയില്‍ സ്വദേശി മുഹമ്മദ് സഹദ് (20), കണ്ണൂർ തോലാംബ്ര ത്രിക്കടാരിപോയില്‍ സ്വദേശി റിഷ്ണു ശശീന്ദ്രൻ (23) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് ബന്നാർഘട്ട റോഡ് കമ്മനഹള്ളി ജംങ്ഷനില്‍ വച്ച് കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം സെന്റ് ജോണ്‍സ് ആശുപത്രിയില്‍ പോസ്റ്റുമോർട്ടം നടത്തി. മുഹമ്മദ് സഹദിന്റെ മൃതദേഹം ബംഗളൂരു ശിഹാബ് തങ്ങള്‍ സെന്ററില്‍ അന്ത്യകർമങ്ങള്‍ ചെയ്തു. ഇരുവരുടെയും മൃതദേഹം കെ.എം.സി.സി പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് കൊണ്ടുപോയി.
കള്ളംപറമ്പില്‍ കെ.എച്ച് ഷംസുദ്ദീൻ-ഹസീന ദമ്ബതികളുടെ ഏക മകനാണ് ബൊമ്മസാന്ദ്രയിലെ സ്വകാര്യ കോളജ് അവസാന വർഷ ബിരുദ വിദ്യാർഥിയായ മുഹമ്മദ് സഹദ്. ഖബറടക്കം പെരിന്തോട് ജുമ മസ്ജിദില്‍. പരേതനായ നാരായണീയം ശശീന്ദ്രൻ-ഷാജി ശശീന്ദ്രൻ എന്നിവരുടെ മകനായ റിഷ്ണു ബംഗളൂരുവില്‍ സ്വകാര്യ കമ്ബനിയില്‍ ഒരു വർഷത്തോളമായി ജോലി ചെയ്തു വരികയായിരുന്നു. അജന്യ, ജിഷ്ണു സഹോദരങ്ങളാണ്.