ഭാസ്കര കാരണവർ വധക്കേസ് : പ്രതി ഷെറിന് പരോൾ അനുവദിച്ചു

പത്തനംതിട്ട: ഭാസ്കര കാരണവർ വധക്കേസ് പ്രതി ഷെറിന് പരോൾ അനുവദിച്ചു. രണ്ടാഴ്ചത്തെ പരോളാണ് അനുവദിച്ചിരിക്കുന്നത്. സ്വാഭാവിക നടപടിയെന്നാണ് വിഷയത്തിൽ ജയിൽ വകുപ്പ് പ്രതികരിച്ചിരിക്കുന്നത്. അതിനിടെ സഹതടവുകാരിയെ മർദിച്ചതിന് കഴിഞ്ഞ മാസം ഷെറിനെതിരെ കേസെടുത്തിരുന്നു.
കണ്ണൂർ വനിതാ ജയിലിൽ വെച്ചായിരുന്നു സംഭവം. കുടിവെള്ളം എടുക്കാൻ പോയ തടവുകാരിയെ ഷെറിനും മറ്റൊരു തടവുകാരിയും മർദിച്ചെന്നായിരുന്നു കേസ്. അതുപോലെ ശിക്ഷായിളവ് നൽകി ഷെറിനെ മോചിപ്പിക്കാനുള്ള തീരുമാനം വിവാദമായിരുന്നു. ഷെറിന് മാനസാന്തരം വന്നെന്നും നല്ല നടപ്പെന്നും വിലയിരുത്തിയായിരുന്നു ജയിൽ ഉപദേശക സമിതിയുടെ തീരുമാനം. എന്നാൽ ഇതിനെതിരെ വ്യാപകമായി പ്രതിഷേധം ഉയർന്നു.
സഹതടവുകാരുമായും ഉദ്യോഗസ്ഥരുമായും ജയിലിൽ പ്രശ്നങ്ങളുണ്ടാക്കിയതിനാൽ നാലു തവണ ജയിൽ മാറ്റിയ ഷെറിനെ ജയിൽ മോചിതയാക്കാനുള്ള മന്ത്രസഭ തീരുമാനം മിന്നൽ വേഗത്തിലായിരുന്നു. 25 വര്‍ഷത്തിലധികമായി തടവിലുള്ളവരെ വിട്ടയക്കണമെന്ന് ജയിൽ ഉപദേശ സമിതികളുടെ ശുപാര്‍ശകളിൽ തീരുമാനം നീളുമ്പോഴാണ് 14 വര്‍ഷം പൂര്‍ത്തിയാക്കിയെന്ന കാരണം പറഞ്ഞാണ് ഷെറിനെ മോചിപ്പിക്കാനുള്ള തീരുമാനം. കണ്ണൂര്‍ ജയിൽ ഉപദേശക സമിതി ഡിസംബറിൽ നൽകിയ ശുപാര്‍ശ പരിഗണിച്ചായിരുന്നു മന്ത്രിസഭാ തീരുമാനം.
2009 നവംബർ എട്ടിനാണ് ചെങ്ങന്നൂർ കാരണവേഴ്സ് വില്ലയിലെ ഭാസ്കര കാരണവർ കൊല്ലപ്പെട്ടത്. ഭാസ്കര കാരണവരുടെ മരുമകളായ ഷെറിനും കാമുകനും ചേർന്നാണ് കൊലപ്പെടുത്തിയത്. ഷെറിന്റെ ബന്ധങ്ങൾ ഭാസ്കര കാരണവർ എതിർത്തതായിരുന്നു പ്രകോപനത്തിന് കാരണം ആയത്.