x
NE WS KE RA LA
National

ബാംഗ്ലൂർ ദുരന്തം:4 പേർ അറസ്റ്റിൽ

ബാംഗ്ലൂർ ദുരന്തം:4 പേർ അറസ്റ്റിൽ
  • PublishedJune 6, 2025

ബംഗളൂരു: ഐപിഎൽ വിജയാഘോഷത്തിനിടെ ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് 11 പേർ കൊല്ലപ്പെട്ട സംഭവം. നാല് പേർ അറസ്റ്റിൽ. ആർ‌സി‌ബി മാർക്കറ്റിംഗ് ഉദ്യോഗസ്ഥൻ നിഖിൽ സൊസാലെയും അറസ്റ്റിലായിട്ടുണ്ട്. വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേയാണ് അദ്ദേഹം അറസ്റ്റിലായിരിക്കുന്നത്. എന്നാൽ മറ്റുള്ളവരുടെ പേരുകൾ പുറത്തുവിട്ടിട്ടില്ല. അറസ്റ്റിലായ മറ്റ് മൂന്ന് പേർ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയായ ഡിഎൻഎ എന്റർടൈൻമെന്റ് പ്രൈവറ്റ് ലിമിറ്റഡിലെ അംഗങ്ങളാണ് പൊലീസ് വ്യക്തമാക്കി.

സംഭവത്തിൽ കർണാടക ഹൈക്കോടതി സ്വമേധയ കേസെടുത്തിരുന്നു. വിഷയത്തിൽ ജൂൺ 10നകം സ്ഥിതി വിവര റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന സർക്കാരിനോട് കർണാടക ഹൈക്കോടതി നിർദ്ദേശിക്കുകയും ചെയ്തു. ആക്ടിംഗ് ചീഫ് ജസ്റ്റിസ് വി കാമേശ്വര റാവു, ജസ്റ്റിസ് സി എം ജോഷി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. സംസ്ഥാന സർക്കാരിനു വേണ്ടി അഡ്വക്കേറ്റ് ജനറൽ ശശി കിരൺ ഷെട്ടി ഹാജരായി. സംഭവത്തിൽ ബംഗളൂരു അർബൻ ഡെപ്യൂട്ടി കമീഷണറുടെ നേതൃത്വത്തിൽ മജിസ്റ്റീരിയൽ അന്വേഷണത്തിന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉത്തരവിട്ടു.

കർണാടക ക്രിക്കറ്റ് അസോസിയേഷനും കർണാടക സർക്കാരുമാണ് സ്വീകരണമൊരുക്കിയത്. സംഭവത്തിൽ അമ്പതിലേറെ പേർക്ക് പരിക്കേറ്റിരുന്നു. 40,000 പേർക്ക് പ്രവേശിക്കാൻ സാധിക്കുന്ന ചിന്നസ്വാമി സ്റ്റേഡിയത്തിനു മുന്നിൽ 2 ലക്ഷത്തോളം പേരാണ് തടിച്ചുകൂടിയത്.

ടീം സ്റ്റേഡിയത്തിൽ പ്രവേശിക്കുമെന്ന് കരുതിയ ​ഗേറ്റ് നമ്പർ മൂന്നിന് മുന്നിലാണ് വൈകിട്ട് തിക്കും തിരക്കുമുണ്ടായത്. വൻ ആളപായമുണ്ടായെന്ന് ബോധ്യപ്പെട്ടിട്ടും സ്റ്റേഡിയത്തിനുള്ളിൽ ടീമിനുള്ള സ്വീകരണം തുടർന്നു. മന്ത്രിമാരടക്കം പരിപാടിയിൽ പങ്കെടുത്തു. പൊലീസിന്റെ സുരക്ഷാ മുന്നറിയിപ്പ് മറികടന്നാണ് പരിപാടി നടത്തിയതെന്ന് റിപ്പോർട്ടുകളുണ്ട്.

വ്യാഴാഴ്ച മനഃപൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെയുള്ള വിവിധ കുറ്റങ്ങൾ ചുമത്തി എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ആർ‌സി‌ബി ടീം, ഡി‌എൻ‌എ എന്റർടൈൻമെന്റ് പ്രൈവറ്റ് ലിമിറ്റഡ്, കെ‌എസ്‌സി‌എ എന്നിവയുടെ പ്രതിനിധികളെ അറസ്റ്റ് ചെയ്യാനും മുഖ്യമന്ത്രി ഉത്തരവ് നൽകി. കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്റെ (കെഎസ്‌സി‌എ) സെക്രട്ടറി ശങ്കർ, ട്രഷറർ ജയറാം എന്നിവർ ഒളിവിലാണ്. ഇവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. തിക്കിലും തിരക്കിലും നിരവധി പേർ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ബംഗളൂരു പൊലീസ് കമ്മീഷണർ ബി ദയാനന്ദയെയും മറ്റ് നിരവധി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരെയും മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യാഴാഴ്ച സസ്‌പെൻഡ് ചെയ്തു. അതേസമയം, കെഎസ്സിഎ സെക്രട്ടറി ശങ്കറിന്റഎ വീട്ടിൽ റെയ്ഡ് നടക്കുന്നതായാണ് വിവരം. ബംഗളൂരു മല്ലേശ്വരത്തെ വീട്ടിലാണ് റെയ്ഡ്.

Leave a Reply

Your email address will not be published. Required fields are marked *