തിരുവനന്തപുരത്തേക്ക് എത്തുന്നവരുടെ ശ്രദ്ധയ്ക്ക്, നാളെ മുതൽ പുതുക്കിയ ട്രാഫിക് നിയന്ത്രണങ്ങൾ
വെഞ്ഞാറമൂട്: വിവിധ ആവശ്യങ്ങൾക്ക് തിരുവനന്തപുരത്തേക്ക് എത്തുന്നവരുടെ ശ്രദ്ധയ്ക്ക്. നാളെ മുതൽ പുതുക്കിയ ട്രാഫിക് നിയന്ത്രണങ്ങൾ നടപ്പിലാകും. വെഞ്ഞാറമൂട്ടിലെ ഗതാഗത കുരുക്കിന് പരിഹാരമാകുന്ന മേൽപ്പാലത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ടാണ് നിയന്ത്രണം ഏർപെടുത്തിയിരിക്കുന്നത്. പുതുക്കിയ ട്രാഫിക് നിയന്ത്രണങ്ങൾ ബുധൻമുതൽ കർശനമായി നടപ്പാക്കുമെന്ന് വെഞ്ഞാറമൂട് എസ്എച്ച്ഒ വ്യക്തമാക്കി . നെല്ലനാട് പഞ്ചായത്ത് ഹാളിൽ ഡി കെ മുരളി എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും അടിയന്തരയോഗ തീരുമാനമനുസരിച്ചാണ് പുതുക്കിയ നിയന്ത്രണങ്ങൾ.
നിയന്ത്രണം ഇങ്ങനെ
- തിരുവനന്തപുരത്തുനിന്ന് വരുന്ന ഹെവി വാഹനങ്ങൾ കന്യാകുളങ്ങരനിന്ന് ഇടത്തേക്കും വെമ്പായത്തുനിന്ന് വലത്തേക്കും കൊട്ടാരക്കര ഭാഗത്തുനിന്ന് വരുന്ന ഹെവി വാഹനങ്ങൾ കിളിമാനൂർ, കാരേറ്റ് വാമനപുരം ജങ്‌ഷനുകളിൽനിന്ന് വലത്തേക്കും തിരിഞ്ഞുപോകണം.
- കൊട്ടാരക്കരനിന്ന് തിരുവനന്തപുരത്തേക്ക് പോകേണ്ട കെഎസ്ആർടിസി ബസുകൾ അമ്പലമുക്കിൽനിന്ന് വെഞ്ഞാറമൂട് സ്റ്റാൻഡിൽ എത്തി തിരിച്ച് നാഗരുകുഴി വഴി പിരപ്പൻകോട്ടെത്തി പോകണം.
- തിരുവനന്തപുരത്തുനിന്ന് കൊട്ടാരക്കരയിലേക്ക് പോകേണ്ട കെഎസ്ആർടിസി വാഹനങ്ങൾ തൈക്കാട് സമന്വയ നഗർ വഴി തിരിഞ്ഞ് മൈത്രീ നഗറിലെത്തി ആറ്റിങ്ങൽ റോഡിലേക്ക് കയറി മുക്കുന്നൂർനിന്ന് വലത്തേക്കു തിരിഞ്ഞ് ത്രിവേണി ജങ്‌ഷൻ വഴി ആലന്തറ ഭാഗത്ത് എംസി റോഡിൽ പ്രവേശിക്കണം.
- കല്ലറ ഭാഗത്തേക്കുള്ള ബസുകൾ വെഞ്ഞാറമൂട് സ്റ്റാൻഡിലെത്തി പോകാം.
5.തിരുവനന്തപുരത്തുനിന്നും പോത്തൻകോട് ഭാഗത്തുനിന്നും വെഞ്ഞാറമൂട്ടിൽ എത്തേണ്ട കെഎസ്ആർടിസി വാഹനങ്ങൾ തൈക്കാടുനിന്ന് വയ്യേറ്റ് പെട്രോൾ പമ്പിന്റെ ഭാഗത്തെത്തി യാത്രക്കാരെ ഇറക്കി തിരികെ പോകണം.
- ആറ്റിങ്ങൽ – നെടുമങ്ങാട് റോഡിൽ നിലവിൽ വാഹന നിയന്ത്രണമില്ല,
- സ്കൂൾ വാഹനങ്ങൾ വെഞ്ഞാറമൂട്ടിൽ നിശ്ചിത ഭാഗങ്ങളിലെത്തി തിരികെപോകാം.