മുക്കത്ത് ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമം : ഹോട്ടൽ ഉടമ പോലീസ് കസ്റ്റഡിയിൽ

കോഴിക്കോട്: മുക്കത്ത് പീഡന ശ്രമം ചെറുക്കുന്നതിനിടെ യുവതി കെട്ടിടത്തിൽ നിന്ന് ചാടി പരിക്കേറ്റ സംഭവം. പ്രതി പിടിയിൽ. ഹോട്ടലുടമ ദേവദാസ് ആണ് പിടിയിലായിരിക്കുന്നത്. എന്നാൽ കേസിലെ മറ്റു രണ്ടു പ്രതികള്‍ ഒളിവിലാണ്. പ്രതികളായ റിയാസ്, സുരേഷ് എന്നിവര്‍ക്കായി പൊലീസ് തെരച്ചിൽ ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. കുന്നംകുളത്ത് ബസ് യാത്രക്കിടെയാണ് ഹോട്ടല്‍ ഉടമയായ ദേവദാസ് പിടിയിലായത്. പ്രതിയെ മുക്കത്ത് എത്തിച്ചു. സംഭവം നടന്ന് നാലു ദിവസത്തിനുശേഷമാണ് പ്രതികളില്‍ ഒരാളെ പൊലീസ് പിടികൂടിയത്. കൂടാതെ പൊലീസ് യുവതിയുടെ രഹസ്യമൊഴിയും ഇന്ന് രേഖപ്പെടുത്തും.
ഈ മാസം രണ്ടിനാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. യുവതി കെട്ടിടത്തിൽ നിന്ന് യുവതി ചാടുന്നതിന് തൊട്ട് മുമ്പുള്ള ദൃശ്യങ്ങൾ ഇന്നലെ കുടുംബം പുറത്തുവിട്ടിരുന്നു. യുവതിയെ ഹോട്ടൽ ഉടമയും ജീവനക്കാരും ഉപദ്രവിക്കുന്നതിന്‍റെ ദൃശ്യങ്ങളും സംഭാഷണങ്ങളുമാണ് കുടുംബം പുറത്തുവിട്ടത്.
ശനിയാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് യുവതിയുടെ താമസ സ്ഥലത്തേക്ക് ഹോട്ടൽ ഉടമ ദേവദാസും ജീവനക്കാരായ റിയാസും സുരേഷും കയറി ചെല്ലുന്നത്. ഈ സമയത്ത് വീഡിയോ ഗെയിമിങ്ങിലായിരുന്നു യുവതി. വീട്ടിൽ അതിക്രമിച്ചു കയറിയ മൂവരും ഉപദ്രവിക്കാൻ ശ്രമിച്ചെന്നാണ് മുക്കം പൊലീസിന് യുവതി മൊഴി നൽകിയിരിക്കുന്നത്. പ്രതികളിൽ നിന്ന് കുതറിമാറി പ്രാണ രക്ഷാർത്ഥം പെൺകുട്ടി കെട്ടിടത്തിൽ നിന്ന് ചാടുകയായിരുന്നു. അതിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങളാണ് കുടുംബം പുറത്തുവിട്ടിരിക്കുന്നത്.
മൂന്ന് മാസമായി യുവതി മുക്കത്തെ ഹോട്ടലിൽ ജോലിക്ക് കയറിയിട്ട്. പെൺകുട്ടിയുടെ വിശ്വാസ്യത നേടിയ ശേഷം ഹോട്ടൽ ഉടമ പ്രലോഭനത്തിന് ശ്രമിച്ചിരുന്നു എന്നും കുടുബം ആരോപിക്കുന്നു. ഇത് സംബന്ധിച്ച ഡിജിറ്റൽ തെളിവുകൾ കൈവശമുണ്ടന്നും കുടുംബം വ്യക്തമാക്കി. വനിതാ സഹപ്രവർത്തകർ അവധിയിൽ പോയ തക്കം നോക്കി വീട്ടിൽ അതിക്രമിച്ച് കയറിതടക്കം ഗുരുതര കുറ്റം ചെയ്തിട്ടും, പ്രതികൾ ആരെന്ന് കൃത്യമായി തിരിച്ചറിഞ്ഞിട്ടും നടപടികൾ വൈകുന്നതിൽ കുടുംബം ആശങ്ക അറിയിച്ചു . നട്ടെല്ലിനും ഇടുപ്പിനും പരിക്കേറ്റ യുവതി നിലവില്‍ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.