ആലപ്പുഴ: ആലപ്പുഴയിൽ കുടുംബം സഞ്ചരിച്ച കാറിന് നേരെ കോൺഗ്രസ് പ്രവർത്തകരുടെ ആക്രമണം. സംഭവത്തിൽ ആറ് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. പത്തനാപുരം സ്വദേശി ഷിയാസും കുടുംബവുമാണ് ആക്രമണത്തിന് ഇരയായിരിക്കുന്നത്. ആലപ്പുഴ ചാരുമൂട് തഴവ മുക്കിൽ ഞായറാഴ്ച വൈകിട്ടാണ് സംഭവം .
എഐസിസി ജനറൽ സെക്രട്ടറിയും ആലപ്പുഴ എംപിയുമായ കെ സി വേണുഗോപാലിന് അഭിവാദ്യമർപ്പിച്ച് നടത്തിയ പ്രകടനത്തിനിടെയാണ് ആക്രമണം. ഗതാഗതം തടസപ്പെടുത്തി അക്രമസക്തമായി പ്രകടനം നടത്തിയ കോൺഗ്രസ് പ്രവർത്തകർ ഇതിനിടെ ഇതുവഴി കടന്നുപോയ വാഹനം ആക്രമിക്കുകയായിരുന്നു.
കാറിലുണ്ടായിരുന്ന സ്‌ത്രീകളെയും കുട്ടികളെയും അടക്കം അസഭ്യം പറഞ്ഞ കോൺഗ്രസ് പ്രവർത്തകർ വാഹനത്തിന്റെ മുന്നിലെ ഗ്ലാസ് തല്ലി തകർക്കുകയായിരുന്നു . പ്രകടനം കടന്നുപോകുന്ന വഴിയിൽ വാഹനം നിർത്തിയെന്ന് ആരോപിച്ചാണ് ആക്രമണം നടത്തിയത്. അതേസമയം വാഹനങ്ങൾക്കും യാത്രകാർക്കും തടസമുണ്ടാക്കി പ്രകടനം നടത്തിയതിന് കോൺഗ്രസ് നേതാക്കളടക്കം 25 പേർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.