അമേരിക്കയുടെ താരിഫ് വർധനവിൽ തകർന്ന് ഏഷ്യൻ വിപണികൾ; രോഗം വന്നാൽ ചികിത്സിക്കണമെന്ന് ട്രംപ്

വാഷിങ്ടണ്‍: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് വർധനവിൽ തകർന്ന് ഏഷ്യൻ വിപണികൾ. തായ്, ജപ്പാൻ സൂചികകളിലും ഇടിവ് സംഭവിച്ചിട്ടുണ്ടെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രോഗം വന്നാൽ ചികിത്സിക്കണമെന്നാണ് വിപണി തകർച്ചയിൽ ട്രംപിന്റെ പ്രതികരണം. അമേരിക്കയെ ലോകം വിമർശിക്കുന്നത് ഉടൻ അവസാനിക്കുമെന്നും ട്രംപ് പറഞ്ഞു. മാധ്യമ പ്രവർത്തകരോട് സംസാരിക്കവെയായിരുന്നു ട്രംപിന്റെ പ്രതികരണം.
ട്രംപിന്റെ ചരിത്രപരമായ തീരുവ പ്രഖ്യാപനത്തിൽ അമേരിക്കയ്ക്കും തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്. തീരുവ പ്രഖ്യാപനം അമേരിക്കയുടെ ആഗോള വിപണികളെ സാരമായി ബാധിച്ചതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ വിപണി നഷ്ടങ്ങളെക്കുറിച്ച് തനിക്ക് ആശങ്കയില്ലെന്നാണ് അമേരിക്കൻ പ്രസിഡന്റിന്റെ പ്രതികരണം. ഒന്നും ഇല്ലാതാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പക്ഷേ ചിലപ്പോൾ ‘എന്തെങ്കിലും ശരിയാക്കുന്നതിനായി മരുന്ന് കഴിക്കേണ്ടി വരുന്നത്’ സാധാരണമാണെന്നും ട്രംപ് പറഞ്ഞു.
താരിഫ് വർധയ്ക്ക് പിന്നാലെ ജപ്പാൻ സൂചികകളിലും ഇടിവ് സംഭവിച്ചിട്ടുണ്ട്. ഒമ്പത് ശതമാനമാണ് ഇടിവ് സംഭവിച്ചിട്ടുളളത് 2023 ഒക്ടോബറിന് ശേഷം ആദ്യമായാണ് ജപ്പാന്റെ വിപണിയിൽ ഇത്രയും ഇടിവ് രേഖപ്പെടുത്തുന്നതെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ദക്ഷിണ കൊറിയയിൽ സമാനമായ ഇടിവുകൾ സംഭവിച്ചിട്ടുണ്ട്. ട്രംപിന്റെ പ്രഖ്യാപനത്തിന് ശേഷം അസാധാരണമായ ഇടിവുകൾ ഉണ്ടായതായി തായ്‌വാൻ സ്റ്റോക്ക് എക്സ്ചേഞ്ചും അറിയിച്ചിട്ടുണ്ട്. വിപണികളെ സ്ഥിരപ്പെടുത്തുന്നതിന് കൂടുതൽ നയങ്ങൾ ആവിഷ്കരിക്കുമെന്നും അറിയിപ്പുണ്ട്. ഓസ്‌ട്രേലിയൻ ഓഹരികളും കുത്തനെ ഇടിഞ്ഞതായാണ് റിപ്പോർട്ട്.
ട്രംപിന്റെ ചരിത്രപരമായ തീരുവ പ്രഖ്യാപനം ലോകമെമ്പാടുമുള്ള സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ പ്രത്യാഘാതങ്ങളാണ് സൃഷ്ടിച്ചത്. അമേരിക്കയിലെ ആഗോള വിപണികൾക്കും കനത്ത തിരിച്ചടി നേരിടേണ്ടതായി വന്നിരുന്നു. 2020 ന് ശേഷം ഏറ്റവും വലിയ നഷ്ടമാണ് യുഎസ് ഓഹരി വിപണി നേരിട്ടത്. ആൻഡ് പി 500 സൂചികകൾക്ക് ഏകദേശം രണ്ട് ട്രില്യൺ ഡോളർ മൂല്യം നഷ്ടപ്പെട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു. നൈക്ക്, ആപ്പിൾ, ആമസോൺ തുടങ്ങിയ വമ്പൻ ബ്രാൻഡുകളുടെ ഓഹരി വിലകളും ഇടിഞ്ഞിരുന്നു. യുഎസ് ഡോളറിന്റെ മൂല്യം 2.2% വരെ ഇടിഞ്ഞു.
ഏപ്രിൽ രണ്ടിനാണ് ലോകരാജ്യങ്ങൾക്ക് താരിഫ് ഏര്‍പ്പെടുത്തി കൊണ്ടുളള പ്രഖ്യാപനത്തിൽ ഡൊണാൾഡ് ട്രംപ് ഒപ്പ് വെച്ചത്. ഏപ്രില്‍ ഒന്ന് ലോക വിഡ്ഢി ദിനമായതിനാൽ ഏപ്രില്‍ രണ്ട് മുതല്‍ താരിഫ് ഏര്‍പ്പെടുത്തുമെന്നാണ് ട്രംപ് നേരത്തെ അറിയിച്ചിരുന്നത്. അമേരിക്കയുടെ പ്രഖ്യാപനത്തിന് ശേഷം താരിഫുകളുടെ ആഘാതം ലഘൂകരിക്കാനുളള ശ്രമത്തിലായിരുന്നു ദക്ഷിണേഷ്യൻ രാഷ്ട്രങ്ങൾ. ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്കെതിരെ പകരചുങ്കം പ്രഖ്യാപിച്ചിരുന്നു. തീരുവക്കാര്യത്തില്‍ താന്‍ ദയാലുവാണെന്ന് ആവര്‍ത്തിച്ചു കൊണ്ടായിരുന്നു ട്രംപിന്റെ പ്രഖ്യാപനം.
‘ഡിസ്‌ക്കൗണ്ടുള്ള പകരചുങ്കം’ എന്ന് പറഞ്ഞ് ഇന്ത്യക്ക് മേല്‍ 26 ശതമാനം തീരുവ ചുമത്തിയിരുന്നു. ചൈനയ്ക്ക് 34 ശതമാനവും. യൂറോപ്യന്‍ യൂണിയന് 20 ശതമാനം തീരുവയും യുകെയ്ക്ക് പത്ത് ശതമാനം തീരുവയും ജപ്പാന് 24 ശതമാനം തീരുവയുമാണ് ഏർപ്പെടുത്തിയത്. അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കുമുള്ള 10 ശതമാനം ഇറക്കുമതി തീരുവയ്ക്ക് പുറമേയാണ് ഈ നിരക്ക്. വര്‍ഷങ്ങളോളം മറ്റ് രാജ്യങ്ങള്‍ അമേരിക്കയെ കൊള്ളയടിച്ചു. ഇനി അതുണ്ടാകില്ലെന്ന് ട്രംപ് വൈറ്റ് ഹൗസിലെ റോസ് ഗാര്‍ഡനില്‍ പ്രസംഗിക്കവേ പറഞ്ഞിരുന്നു.
അമേരിക്ക അതിന്റെ വ്യാപാരം തിരിച്ചുപിടിച്ച ദിവസമായ ഏപ്രില്‍ രണ്ട് ‘വിമോചന ദിനമായി’ അറിയപ്പെടുമെന്ന് ട്രംപ് പറഞ്ഞിരുന്നു. 10 ശതമാനുള്ള തീരുവ ഏപ്രില്‍ അഞ്ച് മുതല്‍ പ്രാബല്യത്തില്‍ വന്നപ്പോള്‍, രാജ്യങ്ങള്‍ക്കുള്ള കൂടിയ തീരുവ ഏപ്രില്‍ ഒന്‍പതിനുമാണ് പ്രാബല്യത്തില്‍ വരിക. പകരച്ചുങ്കം യുഎസിന്റെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്നാണ് ട്രംപ് പറയുന്നത്.