x
NE WS KE RA LA
Kerala

ആശമാരുടേത് ഐതിഹാസിക സമരം;അങ്കണവാടി ജീവനക്കാരും സമരം തുടങ്ങി

ആശമാരുടേത് ഐതിഹാസിക സമരം;അങ്കണവാടി ജീവനക്കാരും സമരം തുടങ്ങി
  • PublishedMarch 18, 2025

മുപ്പത്തിയേഴാം ദിവസമായി കേരളത്തിലെ ആശാവര്‍ക്കര്‍മാരില്‍ വലിയൊരു വിഭാഗം സെക്രട്ടേറിയറ്റിന് പടിക്കല്‍ സമരം നടത്തുകയാണ്. അവരോട് അനുഭാവപൂര്‍വ്വമായി പെരുമാറാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞില്ല എന്നത് വലിയ ജനരോഷം ഉയര്‍ത്തിയിട്ടുമുണ്ട്. ആരും ചോദിക്കാനും പറയാനുമില്ലാത്തവര്‍ നടത്തുന്ന സമരം കൂടിവന്നാല്‍ ഒരാഴ്ച പോകും എന്ന് ധരിച്ചാണ് ഭരണകൂടവും അതിന് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയും സമരത്തെ അവഗണിക്കുകയും അപമാനിക്കുകയും അവജ്ഞയോടെ കാണുകയും ചെയ്തത്. ഇന്നലെ സെക്രട്ടേറിയറ്റ് ഉപരോധിച്ചുകൊണ്ട് നടത്തിയ സമരത്തോടെ അനിശ്ചിതകാല സമരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ വ്യാഴാഴ്ച മുതല്‍ നിരാഹാര സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. സംസ്ഥാന നിയമസഭയിലും പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഈ വിഷയം അതീവഗൗരവത്തോടെ തന്നെ അവതരിപ്പിക്കപ്പെട്ടതോടെ സമരം ദേശീയ ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്തു. ദിവസം വെറും ഇരുനൂറ്റിമുപ്പത്തിരണ്ട് രൂപയ്ക്ക് ജോലി ചെയ്യുന്ന ആശാവര്‍ക്കര്‍മാര്‍ മിനിമം വേതനം എന്ന ആവശ്യമുയര്‍ത്തിയാണ് സമരത്തിനിറങ്ങിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പ്രകടനപത്രികയില്‍ അടക്കം പറഞ്ഞ കാര്യം നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ബാധ്യതയുണ്ടുതാനും. ആശാ വര്‍ക്കര്‍മാര്‍ ഉന്നയിക്കുന്ന സമാന പ്രശ്‌നങ്ങള്‍ ഉന്നയിച്ച് അങ്കണവാടി ജീവനക്കാരും സെക്രട്ടറിയറ്റിന് മുന്നില്‍ സമരം തുടങ്ങിയിട്ടുണ്ട്. ആശാ വര്‍ക്കര്‍മാരുടെ സമരത്തെ അവഗണിച്ച സര്‍ക്കാരിനുള്ള കനത്ത പ്രഹരം തന്നെയാണ് അങ്കണവാടി ജീവനക്കാരുടെ സമരമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല.
സെക്രട്ടേറിയറ്റിന് മുന്നിലെ രാപ്പകല്‍ സമരത്തിന്റെ തുടര്‍ച്ചയായി അടുത്തഘട്ടം സമരം പ്രഖ്യാപിച്ചിരിക്കുകയാണ് ആശ വര്‍ക്കര്‍മാര്‍. ഇരുപതാം തീയതി മുതല്‍ നിരാഹാരസമരം ആരംഭിക്കുമെന്ന് സമരസമിതി നേതാക്കള്‍ അറിയിച്ചിട്ടുണ്ട്. ഇന്നലെ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി ആശ വര്‍ക്കര്‍മാര്‍ നടത്തിയ സെക്രട്ടേറിയറ്റ് ഉപരോധം വലിയ വിജയമായിരുന്നു. അനിഷ്ട സംഭവങ്ങളൊന്നുമുണ്ടാകാതെ തന്നെ സമരം ശക്തമായി മുന്നോട്ടുകൊണ്ടുപോകാന്‍ അവര്‍ക്ക് സാധിച്ചു. ആശാവര്‍ക്കര്‍മാര്‍ക്ക് പാലിയേറ്റീവ് ട്രെയിനിംഗ് വച്ച് ഉപരോധസമരത്തെ തകര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങള്‍ പാളുകയും നൂറുകണക്കിന് ആശാവര്‍ക്കര്‍മാര്‍ സെക്രട്ടേറിയറ്റ് ഉപരോധിത്തിന് എത്തുകയും ചെയ്തു. സമരത്തെ പിന്തുണയ്ക്കുന്ന വിവിധ സംഘടനാ പ്രതിനിധികളും ഉപരോധത്തില്‍ പങ്കെടുത്തു. പ്രതിപക്ഷത്തെ പ്രമുഖ നേതാക്കളും വനിതാപ്രവര്‍ത്തകരും ആക്ടവിസ്റ്റുകലും സമരവേദിയിലെത്തി. അവകാശങ്ങള്‍ നേടിയെടുക്കാതെ തലസ്ഥാനം വിടില്ലെന്നും സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധിയിലായതിന് കാരണം ആശമാരല്ലെന്നും ഭരണാധികാരികളുടെ ധൂര്‍ത്താണെന്നും ആരോപിച്ചുകൊണ്ടാണ് സമരക്കാര്‍ സെക്രട്ടേറിയറ്റ് ഉപരോധിച്ചത്.
ഉപരോധം നടക്കുന്നതിനിടെ തന്നെ ആശാ വര്‍ക്കര്‍മാര്‍ക്ക് ഓണറേറിയം ലഭിക്കുന്നതിന് നിശ്ചയിച്ചിരുന്ന പത്ത് മാനദണ്ഡങ്ങള്‍ പിന്‍വലിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയത് സമരക്കാര്‍ക്ക് വലിയ ആവേശമായി. മാനദണ്ഡങ്ങള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചതായി മന്ത്രി വീണാ ജോര്‍ജ് കഴിഞ്ഞ ദിവസം നിയമസഭയില്‍ പറഞ്ഞിരുന്നു. മാനദണ്ഡങ്ങള്‍ പിന്‍വലിച്ചതില്‍ സന്തോഷമുണ്ടെന്നും ഇത് തങ്ങളുടെ സമരത്തിന്റെ വിജയമാണിതെന്നും ആശാവര്‍ക്കര്‍മാര്‍ പറഞ്ഞു. എന്നാല്‍ ഇതോടെ സമരം അവസാനിപ്പിക്കില്ലെന്നും ഓണറേറിയം വര്‍ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം നല്‍കുക തുടങ്ങി ആവശ്യങ്ങള്‍ നേടിയെടുക്കും വരെ എന്ത് ത്യാഗങ്ങള്‍ അനുഭവിച്ചായാലും സമരം തുടരുമെന്നാണ് കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്. സമരം ആരംഭിച്ചതിനു ശേഷം സര്‍ക്കാര്‍ ഓണറേറിയവും ഇന്‍സന്റീവ് കുടിശികയും അനുവദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മാനദണ്ഡങ്ങള്‍ പിന്‍വലിച്ചുള്ള ഉത്തരവും പുറത്തുവന്നിരിക്കുന്നത്. ഫെബ്രുവരു പത്ത് മുതലാണ് സെക്രട്ടേറിയറ്റിനു മുന്നില്‍ ഇവര്‍ സമരം തുടങ്ങിയത്. ഇരുപതാം തീയതി രാവിലെ 11 മണിയോടെ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കും. രാപ്പകല്‍ സമരകേന്ദ്രത്തില്‍ തന്നെയായിരിക്കം ആശ വര്‍ക്കര്‍മാര്‍ നിരാഹാരമിരിക്കുക. ആദ്യഘട്ടത്തില്‍ സമരത്തിന്റെ നേതൃസ്ഥാനത്തുള്ള മൂന്നുപേരായിരിക്കും നിരാഹാരമിരിക്കുക. സ്ത്രീ തൊഴിലാളി സമരങ്ങളില്‍ നിര്‍ണായകമായ ഒരു സമരമായി ഇത് മാറുമെന്നും സര്‍ക്കാരിന് കേരളത്തിലെ വനിതകളുടെ മുന്നില്‍ മുട്ടുമടക്കേണ്ടിവരുമെന്നുമാണ് സമരനേതാക്കള്‍ വ്യക്തമാക്കുന്നത്.
വേതന വര്‍ധനവ് ഉള്‍പ്പെടെ ആശാ വര്‍ക്കര്‍മാര്‍ ഉന്നയിക്കുന്ന സമാന പ്രശ്‌നങ്ങള്‍ ഉന്നയിച്ച് അങ്കണവാടി ജീവനക്കാരും സെക്രട്ടറിയറ്റിന് മുന്നില്‍ സമരം തുടങ്ങി. ഇന്ത്യന്‍ നാഷനല്‍ എംപ്ലോയീസ് ഫെഡറേഷന്റെ (ഐഎന്‍ടിയുസി) നേതൃത്വത്തില്‍ അനിശ്ചിതകാല രാപകല്‍ സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രശ്‌നപരിഹാരത്തിന് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ച കാര്യമായ തീരുമാനങ്ങളില്ലാതെ പിരിഞ്ഞതോടെയാണ് സെക്രട്ടേറിയറ്റിനു മുന്നില്‍ അവരും സമരം തുടങ്ങിയത്. മിനിമം വേതനം 21,000 രൂപയാക്കുക, വേതനം ഒറ്റത്തവണയായി നല്‍കുക, ഉത്സവ ബത്ത 1200ല്‍ നിന്ന് 5000 രൂപയാക്കുക, ഇഎസ്‌ഐ ആനുകൂല്യം നടപ്പാക്കുക, റിട്ടയര്‍മെന്റ് ആനുകൂല്യം അഞ്ചു ലക്ഷം രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം പ്രഖ്യാപിച്ചത്. ഇതു സംബന്ധിച്ച് അങ്കണവാടി ജീവനക്കാരുടെ സംഘടന മന്ത്രിമാര്‍ക്ക് കത്തുനല്‍കിയിരുന്നു. തുടര്‍ന്ന് സിഐടിയു, എഐടിയുസി ഉള്‍പ്പെടെ മേഖലയിലെ സംഘടനാ ഭാരവാഹികളെ മന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നു. 2010 മുതല്‍ വിരമിച്ച മുഴുവന്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍ കുടിശിക ഈ മാസം 25ന് ഉള്ളില്‍ വിതരണം ചെയ്യുമെന്ന് മന്ത്രി ഉറപ്പുനല്‍കിയതായി അങ്കണവാടി വര്‍ക്കേഴ്‌സ് ആന്റ് ഹെല്‍പേഴ്‌സ് അസോസിയേഷന്‍ (സിഐടിയു) നേതാക്കള്‍ അറിയിച്ചിരുന്നു. എന്നാല്‍ 47 കോടി കുടിശികയുള്ളപ്പോള്‍ 10 കോടിയാണ് അനുവദിച്ചിട്ടുള്ളതെന്നും ഈ തുക കുടിശിക വിതരണം ചെയ്യാന്‍ തികയില്ലെന്നും കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമാണെന്നും സമരക്കാര്‍ വ്യക്തമാക്കി. അങ്കണവാടി ജീവനക്കാരുടെ രാപകല്‍ സമരം ഇന്ന് ആരംഭിക്കാനിരിക്കെ സമരത്തില്‍ പങ്കെടുക്കുന്ന ജീവനക്കാര്‍ക്ക് ഹോണറേറിയം നല്‍കേണ്ടതില്ലെന്ന് വനിത ശിശു വികസന ഡയറക്ടര്‍ ഉത്തരവിറക്കിയിട്ടുണ്ട്. ജീവനക്കാര്‍ സമരത്തില്‍ ഏര്‍പ്പെട്ടാലും കുട്ടികള്‍ക്ക് ഫീഡിംഗ് ഇന്റെറപ്ഷന്‍ ഉണ്ടാവാതിരിക്കാന്‍ അങ്കണവാടികള്‍ അടച്ചിടരുതെന്നും ഉത്തരവിലുണ്ട്. പ്രീ സ്‌കൂള്‍ വിദ്യാഭ്യാസം നിഷേധിക്കല്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 45 ന്റെ ലംഘനമാണെന്നും ആയതിനാല്‍ പ്രീ സ്‌കൂള്‍ പഠനം നിലയ്ക്കുന്ന രീതിയില്‍ സമരം ചെയ്യുകയാണെങ്കില്‍ ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണം എന്നും ഉത്തരവില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ സര്‍ക്കാരിന്റെ പ്രകോപനപരമായ നടപടി വലിയ സമരങ്ങളിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിക്കുമെന്ന് ഉറപ്പാണ്. അശരണരും അസംഘടിതരുമായ ആളുകള്‍ നിലനില്‍പ്പ് ഭീഷണിയാകുമ്പോള്‍ പ്രതിഷേധത്തിനിറങ്ങുന്ന കാഴ്ച ലോകമെങ്ങും കാണാനാകുന്നുണ്ട്. ഡല്‍ഹിയില്‍ കര്‍ഷകര്‍ നടത്തിയ സമരം ഇതിന് വലിയ ഉദാഹരണമാണ്. അത്തരത്തില്‍ തന്നെ ആശാ വര്‍ക്കര്‍മാരുടെ സമരവും ദേശീയ ശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ട്. സമരം ചെയ്യുന്ന ആശ വര്‍ക്കര്‍മാര്‍ക്ക് സമാനമായി സെക്രട്ടറിയേറ്റിന് മുന്നില്‍ രാപകല്‍ സമരം ഇരിക്കുന്ന അങ്കണവാടി ജീവനക്കാരും പ്രതിഷേധവും കത്തിപ്പടരാന്‍ സാധ്യതയേറെയാണ്.

Leave a Reply

Your email address will not be published. Required fields are marked *