തിരുവനന്തപുരം∙ ആശാ വര്‍ക്കര്‍മാരും സര്‍ക്കാരുമായി നടത്തിയ മൂന്നാംവട്ട ചര്‍ച്ചയില്‍ സര്‍ക്കാരിനെ സഹായിക്കുന്ന തരത്തില്‍ നിര്‍ദേശം വച്ചതുമായി ബന്ധപ്പെട്ട് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍.ചന്ദ്രശേഖരന് താക്കീത് നൽകി കെപിസിസി. ചന്ദ്രശേഖരന്‍ നടത്തിയത് ഗുരുതര ചട്ടലംഘനമാണെന്നും മേലില്‍ ആവര്‍ത്തിക്കരുതെന്നുമുള്ള താക്കീതാണ് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ നല്‍കിയിരിക്കുന്നത്. ആശാ വര്‍ക്കര്‍മാരുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയില്‍ ചന്ദ്രശേഖരന്‍ സ്വീകരിച്ച നിലപാട് സര്‍ക്കാര്‍ അനുകൂലമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി എടുത്തിരിക്കുന്നത്.
ആശമാരുടെ വേതനം വര്‍ധിപ്പിക്കുന്നതിനു കമ്മിറ്റിയെ നിയോഗിക്കാമെന്ന നിര്‍ദേശം ചര്‍ച്ചയില്‍ ആദ്യം മുന്നോട്ടുവച്ചത് ആര്‍. ചന്ദ്രശേഖരന്‍ ആണെന്ന് ആശാ സമരസമിതി നേതാക്കള്‍ ആരോപിച്ചു . ചന്ദ്രശേഖരന്റെ നിര്‍ദേശത്തെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അനുകൂലിക്കുകയും ചെയ്യുകയായിരുന്നു. . ഉത്തരവാദിത്തപ്പെട്ട നേതാവ് എന്ന നിലയില്‍ പാര്‍ട്ടിയുടെ നിലപാടിനൊപ്പമാണ് ചന്ദ്രശേഖരന്‍ നില്‍ക്കേണ്ടിയിരുന്നതെന്ന് സുധാകരന്‍ വ്യക്തമാക്കി. എന്നാല്‍ താനല്ല ചര്‍ച്ചയില്‍ ഈ നിര്‍ദേശം വച്ചതെന്ന് ചന്ദ്രശേഖരന്‍ വിശദീകരണം നൽകി.
ആശാ വര്‍ക്കര്‍മാരുടെ സമരത്തിന് കോണ്‍ഗ്രസ് പൂര്‍ണ പിന്തുണ നല്‍കുകയും പ്രധാനപ്പെട്ട നേതാക്കള്‍ എല്ലാം സമരപ്പന്തലില്‍ എത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്യുമ്പോഴും ഐഎന്‍ടിയുസി നിഷേധാത്മക നിലപാട് സ്വീകരിച്ചത് വലിയ വിവാദമായി മാറി. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ ഉള്‍പ്പെടെ ഐഎന്‍ടിയുസി നിലപാടിന് എതിരെ രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് സമരത്തെ പിന്തുണയ്ക്കുന്നുവെന്ന് ആര്‍.ചന്ദ്രശേഖരന്‍ പറഞ്ഞതിനു തൊട്ടുപിന്നാലെയാണ് എല്ലാ സംഘടനകളെയും ആരോഗ്യമന്ത്രി ചര്‍ച്ചയ്ക്കു വിളിച്ചത്. ഈ മൂന്നാംവട്ട ചര്‍ച്ചയിലാണ് അങ്കണവാടി സമരം ഒത്തുതീര്‍പ്പാക്കിയതിനു സമാനമായ രീതിയില്‍ ഓണറേറിയം വര്‍ധിപ്പിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പഠിക്കാന്‍ സമിതിയെ നിയോഗിക്കാമെന്ന തരത്തില്‍ നിര്‍ദേശം ഉയര്‍ന്നത്. ഇതിന്റെ ചുവടുപിടിച്ച് ആശമാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും സമരസമിതി ആ നിര്‍ദേശം തള്ളി.