കോഴിക്കോട്: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കാണാതായിട്ട് 29 ദിവസം. അർജുൻ ഉള്‍പ്പെടെയുള്ളവർക്കായി ഗംഗാവലി പുഴയില്‍ നാവികസേനയുടെ പരിശോധന ഇന്ന് വീണ്ടും തുടങ്ങും. ലോറിയുടെ സ്ഥാനം കൃത്യമായി കണ്ടെത്താൻ സോണാർ പരിശോധന നടത്തും. നേരത്തെ മാർക്ക് ചെയ്ത രണ്ട് സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാകും ഇന്നത്തെ പരിശോധന. രാവിലെ ഒൻപതോടെ കാർവാറില്‍ നിന്നുള്ള നാവികസേന അംഗങ്ങള്‍ ഷിരൂരില്‍ എത്തും. ഗംഗാവലി പുഴയുടെ ഒഴുക്കിൻ്റെ വേഗത അറിയാനുള്ള പരിശോധനയും നടത്തും. ഇതിന് ശേഷമായിരിക്കും നാവിക സേനയുടെ മുങ്ങല്‍ വിദഗ്ധർ പുഴയില്‍ മുങ്ങിയുള്ള പരിശോധന നടത്തണോ എന്നുള്ള കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക. ദൗത്യം പുനരാരംഭിക്കാൻ വൈകുന്നതില്‍ അർജുൻറെ കുടുംബം ഉത്തര കന്നഡ ജില്ലാ ഭരണകൂടത്തിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. തെരച്ചില്‍ ആരംഭിച്ചില്ലെങ്കില്‍ ഷിരൂരില്‍ കുടുംബം ഒന്നടങ്കം പ്രതിഷേധിക്കുമെന്നാണ് അർജുൻറെ സഹോദരിയുടെ ഭർത്താവ് ജിതിൻ നേരത്തെ പ്രതികരിച്ചത്.
തെരച്ചില്‍ ആരംഭിക്കാൻ കേരള സർക്കാർ കർണാടക സർക്കാരില്‍ സമ്മർദം ശക്തമാക്കിയതിനിടെയാണ് നാവിക സേനയുടെ പരിശോധന. നിലവില്‍ കർണാടക സർക്കാർ പറയുന്ന കാര്യങ്ങള്‍ അവിശ്വസിക്കേണ്ട കാര്യമില്ലെന്നും കേരള സർക്കാർ സമ്മർദം തുടരുന്നുണ്ടെന്നുമാണ് മന്ത്രി എ.കെ. ശശീന്ദ്രൻ വൈകിട്ട് പ്രതികരിച്ചത്. തെരച്ചില്‍ തുടരുമെന്ന് കർണാടക ഉറപ്പ് നല്‍കിയിട്ടുണ്ട്. അർജുൻറെ കുടുംബത്തിൻറെ ആശങ്ക കർണാടക മുഖ്യമന്ത്രിയുടെയും ഉപമുഖ്യമന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞിരുന്നു. തിരച്ചില്‍ പുനരാരംഭിച്ചതോടെ പ്രതീക്ഷയില്‍ അർജുന്റെ കുടുംബം. തിരച്ചില്‍ സംബന്ധിച്ച് ആശങ്കയുണ്ടായിരുന്നുവെന്ന് അർജുന്റെ സഹോദരി അഞ്ജു പറഞ്ഞു. തിരച്ചില്‍ ഇനിയും വൈകരുതെന്നും കുടുംബം ആവശ്യപ്പെട്ടു. നാല് ദിവസത്തേക്കെന്ന് പറഞ്ഞ് തിരച്ചില്‍ നിർത്തി വച്ചിട്ട് ഇത്രയേറെ ദിവസമായെന്നും സഹോദരി പറഞ്ഞു. ഇനിയും കണ്ടെത്താനായില്ലെങ്കില്‍ കുടുംബം സ്ഥലത്തെത്തി പ്രതിഷേധിക്കുമെന്നും അറിയിച്ചു. ഇന്നലെ ഉത്തര കന്നഡ ജില്ലാ കളക്ടർ, കാർവാർ എംഎല്‍എ തുടങ്ങിയവർ പങ്കെടുത്ത ഉന്നതതലയോഗത്തിലാണ് തിരച്ചില്‍ പുനരാരംഭിക്കാൻ തീരുമാനമായത്. പുഴയിലെ അടിയൊഴുക്ക് കുറഞ്ഞ സാഹചര്യത്തിലാണ് തിരച്ചില്‍ പുനരാരംഭിക്കുന്നത്. നാവിക സേനയുടെ നേതൃത്തില്‍ ഗംഗാവലി പുഴ കേന്ദ്രീകരിച്ചാകും ഇന്ന് തിരച്ചില്‍ നടത്തുക.