തിരുവനന്തപുരം: പി എസ് സി റാങ്ക് ലിസ്റ്റിലുള്ള എല്ലാവർക്കും ജോലി ലഭിക്കില്ലെന്നും അതിന് സ്വാഭാവിക നടപടിക്രമങ്ങളുണ്ടെന്നും മുൻ മന്ത്രി പി.കെ ശ്രീമതി പറഞ്ഞു. റാങ്ക് പട്ടികയിലുള്ള മുഴുവൻ പേർക്കും നിയമനം എന്നുള്ളത് കേരളം രൂപീകരിച്ചതിന് ശേഷം ഇതുവരെയും നടപ്പാകാത്ത കാര്യമാണെന്നും. സർക്കാരിന്റെ നടപടിക്രമങ്ങൾ എന്താണെന്ന് സമരം ചെയ്യുന്നവർ മനസിലാക്കണമെന്നും വാശിപിടിച്ച് മുന്നോട്ടു പോവുകയല്ല വേണ്ടതെന്നും പി കെ ശ്രീമതി വ്യക്തമാക്കി.
ഉദ്യോഗാർഥികളുടെ ജോലി ലഭിക്കണം എന്ന ആവശ്യത്തിനൊപ്പം തന്നെയാണ് എല്ലാവരും. തൊഴിലിന്റെ കാര്യത്തിൽ കേരള സർക്കാർ ചെയ്യുന്നത് മെച്ചപ്പെട്ട കാര്യങ്ങൾ തന്നെയാണ്. ഇപ്പോൾ സമരം ചെയ്യുന്നവരുടേത് വാശിയല്ല, ദുർവാശിയാണ്. സർക്കാർ ചെയ്യുന്ന കാര്യങ്ങൾ അവർ കാണുന്നില്ലെന്നും പികെ ശ്രീമതി പറഞ്ഞു.
കഴിഞ്ഞ 10 വർഷത്തെ കണക്ക് പരിശോധിച്ചാൽ ഏതെങ്കിലും വകുപ്പിൽ ഒഴിവ് കിടപ്പുണ്ടോ എന്നുള്ളത് എല്ലാവർക്കും മനസിലാക്കാൻ സാധിക്കും. തൊഴിൽ നൽകുന്ന കാര്യത്തിൽ കൃത്യമായ നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചിട്ടുള്ളത്. വനിതാ പൊലീസിൽ കൂടുതൽ പേർക്ക് നിയമനം നൽകിയത് പിണറായി സർക്കാർ ആണെന്നും പികെ ശ്രീമതി വ്യക്തമാക്കി