തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്തെ രഹസ്യവിഭാഗത്തിൽ നിന്ന് വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ അനുവദിക്കാത്തതിനെതിരെ മാത്യു കുഴൽനാടൻ എംഎൽഎ നൽകിയ അപ്പീൽ സംസ്ഥാന വിവരാവകാശ കമീഷൻ തള്ളിയിരിക്കുകയാണ്. പൊലീസിന്റെ രഹസ്യവിഭാഗം വിവരാവകാശ നിയമത്തിന്റെ പരിധിയിൽവരുന്നില്ലെന്ന വാദം അംഗീകരിച്ചാണ് മുഖ്യ വിവരാവകാശ കമീഷണർ വി ഹരിനായർ വിധി പറഞ്ഞിരിക്കുന്നത്.
കഴിഞ്ഞവർഷം മെയ് 30നാണ് മാത്യു കുഴൽനാടന്റെ അപേക്ഷ സമർപ്പിച്ചത്. ഇതിന് പൊലീസ് ആസ്ഥാനത്ത് നിന്ന് ജൂൺ 28ന് മറുപടി നൽകുകയും ചെയ്തു. വിവരം ലഭ്യമായില്ലെന്നു കാട്ടി ആഗസ്‌ത് 25ന് അപ്പീൽ നൽകി. സെപ്‌തംബർ ആറിന് അതിന് മറുപടി നൽകി. കഴിഞ്ഞവർഷം ഒക്‌ടോബർ 10ന് സംസ്ഥാന വിവരാവകാശ കമീഷനിൽ അപ്പീൽ നൽകി. അതിൽ വാദം കേട്ടശേഷമാണ് മുഖ്യ വിവരാവകാശ കമീഷണറുടെ വിധി വന്നിരിക്കുന്നത്.
വിവരാവകാശ ഉദ്യോഗസ്ഥന്റെ തീരുമാനത്തിൽ ഇടപെടാൻ കാരണം കാണുന്നില്ലെന്നും. മാത്രമല്ല, കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡും ബംഗളൂരുവിലെ എക്‌സാലോജിക് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളിൽ അഴിമതി നടന്നതായി ആരോപിക്കപ്പെടുന്നതല്ലാതെ അതിനുള്ള വിവരങ്ങൾ സമർപ്പിച്ചിട്ടുമില്ലെന്നും വിധിയിൽ പറയുന്നു.