ഗുജറാത്ത്: വ്യാജ ഡോക്ടറും വ്യാജ പൊലീസും തുടങ്ങി, വ്യാജ സർക്കാർ ഓഫീസിനും, വ്യാജ ടോൾ പ്ലാസയ്ക്കും ശേഷം ഗുജറാത്തിലെ ആളുകളെ ഞെട്ടിച്ചിരിക്കുന്നത് ഒരു വ്യാജ കോടതിയാണ്. വ്യാജ കോടതി നടത്തിയ ഗാന്ധിനഗറിൽ നിന്നുള്ള ഒരാളെ ഗുജറാത്ത് പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു.
ഭൂമി തർക്കവുമായി ബന്ധപ്പെട്ട കേസുകളിലാണത്രെ ഈ കോടതി വ്യാജ ഉത്തരവുകൾ പുറപ്പെടുവിച്ചത്. പൊലീസ് പറയുന്നതനുസരിച്ച്, മോറിസ് സാമുവൽ ക്രിസ്റ്റ്യൻ എന്നയാളെയാണ് ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്. കോടതി നിയോഗിച്ചിരിക്കുന്ന മധ്യസ്ഥനാണ് എന്ന പേരിലാണ് ഇയാൾ വിവിധ വിഷയങ്ങളിൽ ഇടപെട്ടിരുന്നത്. ഒപ്പം ഇയാൾ ഒരു കെട്ടിടത്തിൽ കോടതി പോലെ തന്നെയുള്ള സജ്ജീകരണവും ഒരുക്കിയിരുന്നു.
ഇതെല്ലാം ശരിക്കും ഉള്ളതാണ് എന്നും, ഇത് കോടതി തന്നെയാണ് എന്നും ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതിന് വേണ്ടി തന്റെ കൂട്ടാളികളെ ഇയാൾ കോടതിയിലെ സ്റ്റാഫുകളായും വക്കീലന്മാരായും നിർത്തിയിരുന്നു. കേസുകൾ തീർപ്പാക്കുന്നതിനും വിധി അനുകൂലമാക്കുന്നതിനും വേണ്ടി ഇടപാടുകാരിൽ നിന്നും ഇയാളും സംഘവും പണവും വാങ്ങി. ഫീസ് എന്നും പറഞ്ഞാണ് ഇവർ അവരിൽ നിന്നും നിശ്ചിത തുക കൈക്കലാക്കിയിരുന്നത്. കഴിഞ്ഞ അഞ്ചു വർഷമായി ഈ വ്യാജ കോടതി ഇവിടെ പ്രവർത്തിക്കുന്നുണ്ടത്രെ. ജില്ലാ കളക്ടറുടെ കീഴിലുള്ള ഒരു സർക്കാർഭൂമിയുമായി ബന്ധപ്പെട്ട ഭൂമി തർക്ക കേസിൽ ഈ വ്യാജകോടതി ‘വിധി’ പുറപ്പെടുവിച്ചതോടെയാണ് ഇത് പുറത്തറിയുന്നതും പൊലീസ് ഇടപെടുന്നതും.