നടന്‍ അല്ലു അര്‍ജുന്‍ ജയില്‍ മോചിതനായി
![നടന്‍ അല്ലു അര്‍ജുന്‍ ജയില്‍ മോചിതനായി](https://newskeraladaily.in/wp-content/uploads/2024/12/allu-arjun-770x470.jpg)
ഹൈദരാബാദ്: പുഷ്പ 2 റിലീസ് ദിനത്തിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് സ്ത്രീ മരണപ്പെടാനിടയായ സംഭവത്തില്‍ ഇടക്കാല ജാമ്യം ലഭിച്ച നടന്‍ അല്ലു അര്‍ജുന്‍ ജയില്‍ മോചിതനായി. കേസില്‍ അറസ്റ്റിലായ നടനെ നമ്പള്ളി മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തതിനെ തുടര്‍ന്നായിരുന്നു ചഞ്ചല്‍ഗുഡ ജയിലിലേക്ക് മാറ്റിയത്. അല്ലുവിനെ സ്വീകരിക്കാന്‍ പിതാവ് അല്ലു അരവിന്ദും ഭാര്യാ പിതാവ് കെ ചന്ദ്രശേഖര്‍ റെഡ്ഡിയും ചഞ്ചല്‍ഗുഡ ജയില്‍ പരിസരത്ത് എത്തിയിരുന്നു. ജയിലിന് പുറത്ത് വന്‍ പൊലീസ് സുരക്ഷയാണ് പൊലീസ് ഒരുക്കിയത്.
റിമാന്‍ഡ് ചെയ്ത് ഒരുമണിക്കൂറിനുള്ളില്‍ തെലങ്കാന ഹൈക്കോടതി ഇടക്കാലജാമ്യം അനുവദിച്ചെങ്കിലും കോടതി ഉത്തരവ് ജയില്‍ അധികൃതര്‍ക്ക് ലഭിക്കാന്‍ വൈകിയിരുന്നു. ഇതോടെ ഇന്നലെ രാത്രി മുഴുവന്‍ അല്ലു അര്‍ജുന് ജയിലില്‍ തുടരേണ്ടിവരികയായിയുന്നു. അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കിയെങ്കിലും അത് സ്വീകരിക്കാന്‍ ജയില്‍ അധികൃതര്‍ തയ്യാറായിരുന്നില്ല. തുടര്‍ന്നായിരുന്നു ജാമ്യ നടപടികള്‍ ഇന്നത്തേക്ക് മാറ്റിയത്.