ശബളമില്ലാതെ 5 വർഷം ജോലി ; ആത്മഹത്യ ചെയ്ത അലീനക്ക് 9 മാസത്തെ ശമ്പളത്തോടെ നിയമന ഉത്തരവ്

കോഴിക്കോട്: കട്ടിപ്പാറയിൽ നിയമനം ലഭിക്കാതെ ആത്മഹത്യ ചെയ്ത താമരശ്ശേരിയിലെ അധ്യാപികയ്ക്ക് നിയമനാംഗീകാരം. ഫെബ്രുവരി 19 നാണ് അഞ്ചുവർഷത്തോളം നിയമനവും ശമ്പളവും ലഭിക്കാത്ത നിരാശയിൽ അലീന ബെന്നി ആത്മഹത്യ ചെയ്ത സംഭവം ഉണ്ടായത്. മാർച്ച് 15 നാണ് അലീനയെ LPST ആയി നിയമിച്ചുകൊണ്ടുള്ള നടപടി ഉണ്ടായിരിക്കുന്നത്. 9 മാസത്തെ ശമ്പളആനുകൂല്യങ്ങളാണ് അലീനയുടെ കുടുംബത്തിന് ലഭിക്കുക.
കോടഞ്ചേരി സെന്റ് ജോസഫ് സ്കൂൾ അധ്യാപികയായിരുന്നു അലീന. സ്കൂളിൽ എത്താത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അലീനയെ വീട്ടിലെ മുറിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ശമ്പളം കിട്ടാത്തത്തിന്റെ വിഷമത്തിലാണ് അലീന ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിച്ചു. കട്ടിപ്പാറ ഹോളി ഫാമിലി എൽപി സ്‌കൂളിൽ നാല് വർഷമായി ജോലി ചെയ്തിട്ടും ശമ്പളം കൊടുത്തില്ലെന്നും കുടുംബം ആരോപിച്ചു.
13 ലക്ഷം രൂപ നൽകിയാണ് താമരശ്ശേരി കോർപ്പറേറ്റ് മാനേജ്‌മെന്റിനു കീഴിലെ സ്‌കൂളിൽ ജോലി തരപ്പെടുത്തിയത്. അഞ്ച് വർഷമായിട്ടും ജോലി സ്ഥിരപ്പെടുത്താൻ മാനേജ്‌മെന്റ് തയ്യാറായില്ലെന്നും . ജോലി ചെയ്ത കാലയളവിൽ ശമ്പളവും ആനുകൂല്യങ്ങളും ആവശ്യമില്ലെന്ന് കോർപ്പറേറ്റ് മാനേജർ എഴുതി വാങ്ങിയതായും കുടുംബം ആരോപിച്ചു.
കട്ടിപ്പാറയിലെ അധ്യാപികയുടെ ആത്മഹത്യയിൽ താമരശ്ശേരി രൂപതയുടെ കോർപ്പറേറ്റ് മാനേജ്മെൻ്റിന് ഗുരുതര വീഴ്ചയെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പിന്‍റെ റിപ്പോർട്ട്. എന്നാൽ വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്തുനിന്നാണ് വീഴ്ചപറ്റിയത് എന്നാണ് മാനേജ്‌മെന്റ് ആരോപിച്ചത്. സ്ഥിരനിയമനത്തിനുള്ള അപേക്ഷ നല്‍കിയിരുന്നുവെന്നും എന്നാല്‍ വിദ്യാഭ്യാസ വകുപ്പ് കൃത്യമായി ഇടപെട്ടില്ല എന്നുമായിരുന്നു മാനേജ്‌മെന്റിന്റെ വാദം. എന്നാല്‍ മാനേജ്‌മെന്റിന്റെ വാദങ്ങളെല്ലാം തള്ളിക്കൊണ്ടാണ് വിദ്യാഭ്യാസ വകുപ്പ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.