x
NE WS KE RA LA
National

പാചകവാതക വിലവർധനവിനെതിരെ എഐഡിഡബ്യൂഎ സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കും

പാചകവാതക വിലവർധനവിനെതിരെ എഐഡിഡബ്യൂഎ സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കും
  • PublishedApril 8, 2025

തിരുവനന്തപുരം: പാചകവാതക വിലവർധനവിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ. ഇന്നും നാളെയുമായി ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതൃത്വത്തിൽ യൂണിറ്റ് കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിക്കുമെന്നും അറിയിച്ചു.
രാജ്യത്തെ സാധാരണ ജനങ്ങൾക്ക് എതിരായ സമീപനമാണ് പാചകവാതക വില വർധിപ്പിച്ചതിലൂടെ കേന്ദ്രസർക്കാർ സ്വീകരിച്ചിരിക്കുന്നതെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാനകമ്മറ്റി അറിയിച്ചു. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിലിന്റെ വില കുറയുമ്പോൾ ഇവിടെ എണ്ണ വില കാര്യമായ മാറ്റമില്ലാതെ തുടരുന്ന സാഹചര്യമാണ്. എന്നിട്ടും എണ്ണ കമ്പനികൾ നഷ്ടത്തിലാണ് എന്ന് ന്യായീകരിക്കുകയാണ് കേന്ദ്ര സർക്കാർ. ഉജ്ജ്വല പദ്ധതി പ്രകാരം പാചകവാതകം ലഭ്യമാകുന്ന ഗുണഭോക്താക്കൾക്കും വില വർധിക്കുന്നുണ്ട്.
രാജ്യത്ത് ദാരിദ്ര്യവും പട്ടിണിയും തൊഴിലില്ലായ്മയും ഒക്കെ രൂക്ഷമായികൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ഇത്തരം തീരുമാനങ്ങളെടുത്തു ജനങ്ങളെ കൂടുതൽ ദ്രോഹിക്കുകയാണ് . ഗ്യാസ് സിലിണ്ടറുകളുടെ സബ്സിഡി പോലും കാലങ്ങളായി ലഭിക്കാത്ത സ്ഥിതി നിലവിലുണ്ട്. കോർപ്പറേറ്റുകളെ സഹായിക്കുന്നതിന് വേണ്ടി ഇന്ത്യയിലെ സാധാരണ ജനങ്ങളുടെ കുടുംബ ബജറ്റ് താളം തെറ്റിക്കാൻ കൂട്ടുനിൽക്കുകയാണ് കേന്ദ്രസർക്കാരെന്നും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *