കണ്ണൂർ: എഡിഎം നവീൻ ബാബുവിന്‍റെ മരണം പി പി ദിവ്യയുടെ പ്രസംഗം കാരണമെന്ന് കുറ്റപത്രം. നവീൻ ബാബുവിനെ യാത്രയയപ്പ് യോഗത്തിൽ അപമാനിക്കാൻ ആസൂത്രണം നടത്തിയെന്നും. ദൃശ്യങ്ങൾ ദിവ്യ തന്നെ പ്രചരിപ്പിച്ചതിന് ഫോണിൽ നിന്ന് തെളിവുകൾ കിട്ടിയെന്നും കുറ്റപത്രത്തിൽ പറഞ്ഞു. പ്രാദേശിക ചാനലിനെ വിളിച്ചുവരുത്തിയതും ദിവ്യയാണെന്നും. ഇനി കേസിൽ ലഭിക്കാനുള്ളത് രാസപരിശോധന ഫലമാണ്. കേസിൽ 82 സാക്ഷികളാണ് ഉള്ളതെന്നും കുറ്റപത്രം വ്യക്തമാക്കി.
എന്നാൽ എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള കുടുംബം നൽകിയ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. നേരത്തെ സിംഗിൾ ബെഞ്ചും ഹർജി തള്ളിയിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്നും സിബിഐ അന്വേഷണം വേണമെന്നുമാണ് ഭാര്യ മഞ്ജുഷയുടെ ആവശ്യം. സിപിഎം നേതാവും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റുമായ പി പി ദിവ്യ പ്രതിയായ കേസിൽ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നായിരുന്നു മഞ്ജുഷയുടെ ഹർജിയിൽ ആരോപിച്ചത് .
നവീൻ ബാബുവിനെ കൊന്നുകെട്ടിത്തൂക്കിയതാണോയെന്ന് സംശയമുണ്ടെന്നും കുടുംബം നിലപാടെടുത്തു . എന്നാൽ അന്വേഷണം നേരായ വഴിക്കാണെന്നും ആത്മഹത്യയെന്നാണ് പോസ്റ്റുമാർട്ടം റിപ്പോർട്ടെന്നുമായിരുന്നു സർക്കാർ നിലപാട്. കോടതി നിർദേശിച്ചാൽ അന്വേഷണം ഏറ്റെടുക്കാമെന്ന് സിബിഐയും കോടതിയെ അറിയിച്ചിരുന്നു. അഭിപ്രായം പറയാനുള്ള ആർജ്ജവവും അടിയറവ് വെക്കരുതെന്നും പോരാട്ടം തുടരുമെന്നാണ് കോടതി ഹര്‍ജി തള്ളിയതോടെ ദിവ്യ പ്രതികരിക്കുകയും ചെയ്തു.