വ്യാജ ആരോപണമുന്നയിച്ചെതിനെതിരെ നിയമനടപടിയുമായി എഡിജിപി എസ്.ശ്രീജിത്ത്

തിരുവനന്തപുരം: തനിക്കെതിരേ വ്യാജ ആരോപണമുന്നയിച്ച അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ക്കും അക്കാര്യം വാര്‍ത്തയായി നല്‍കിയ മാധ്യമത്തിനും എതിരേ നിയമനടപടിയുമായി പോലീസ് ആസ്ഥാനത്തെ എഡിജിപി എസ്. ശ്രീജിത്ത്.
നിലവില്‍ സസ്പെന്‍ഷനിലുള്ള അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ദിപിന്‍ എടവന സാമൂഹികമാധ്യമത്തിലൂടെ ഉന്നയിച്ച ആരോപണങ്ങള്‍ക്കും പരിശോധനയൊന്നും നടത്താതെ സംപ്രേഷണംചെയ്തതിനുമാണ് എഎംവിക്കും ചാനല്‍ ഉടമ ഉള്‍പ്പെടെ അഞ്ചു മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരേ നിയമനടപടി ആരംഭിച്ചത്. ആറുപേര്‍ക്കുമെതിരേ കോടതി നോട്ടീസ് അയച്ചു. എസ്. ശ്രീജിത്ത് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറായിരിക്കേ 2023-ല്‍ ദിപിനെ സസ്പെന്‍ഡ് ചെയ്തിരുന്നു.
ഡ്രൈവിങ് ലൈസന്‍സ് എടുക്കാന്‍വന്ന സ്ത്രീയെ ലൈംഗികോദ്ദേശ്യത്തോടെ ഭീഷണിപ്പെടുത്തിയതിനായിരുന്നു സസ്പെന്‍ഷന്‍. ഇതുമായി ബന്ധപ്പെട്ട് സ്ത്രീ നല്‍കിയ പരാതിയില്‍ കണ്ണൂര്‍ കതിരൂര്‍ പോലീസ് കേസെടുത്തിരുന്നു.ഈ കേസ് വിചാരണഘട്ടത്തിലുമാണ്. ഈ വിരോധം വെച്ചാണ് തനിക്കെതിരേ ഫെയ്സ്ബുക്കിലൂടെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് പോസ്റ്റിട്ടതെന്ന് എസ്. ശ്രീജിത്ത് പറയുന്നു. ഇക്കാര്യങ്ങള്‍ കാട്ടി ചീഫ് സെക്രട്ടറിക്കു കത്ത് നല്‍കിയ അദ്ദേഹം സര്‍ക്കാര്‍തലത്തില്‍ നടപടിയെടുക്കാനും അപേക്ഷിച്ചിട്ടുണ്ട്.