തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട ആരോപണത്തിൽ എഡിജിപി എംആര്‍ അജിത് കുമാറിന് സര്‍ക്കാരിന്‍റെയും ക്ലീൻ ചിറ്റ്. എംആര്‍ അജിത്കുമാറിനെ കുറ്റവിമുക്തനാക്കിയ വിജിലന്‍സ് റിപ്പോര്‍ട്ട് മുഖ്യമന്ത്രി അംഗീകരിക്കുകയും. ഇന്നലെ കണ്ണൂരിൽ നിന്നെത്തിയ മുഖ്യമന്ത്രി ഫയൽ വിളിച്ച് ഒപ്പിടുകയും ചെയ്തു. പിവി അൻവര്‍ ഉന്നയിച്ച ആരോപണങ്ങളിലാണ് അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം നടന്നത്.
തുടര്‍ന്ന് അജിത് കുമാറിന് അനധികൃത സ്വത്ത് സമ്പാദനം ഇല്ലെന്നായിരുന്നു വിജിലന്‍സ് ഡയറക്ടർ റിപ്പോര്‍ട്ട് നൽകിയത്. ഈ അന്വേഷണ റിപ്പോര്‍ട്ടിനാണ് മുഖ്യമന്ത്രി അംഗീകാരം നൽകിയിരിക്കുന്നത്. അതേസമയം, അനധികൃത സ്വത്ത് സമ്പാദനം ആരോപണത്തിൽ കേസെടുക്കണമെന്ന ഡിജിപിയുടെ ശുപാര്‍ശ തൊടാതെയാണ് വിജിലന്‍സ് റിപ്പോര്‍ട്ടിന് സര്‍ക്കാര്‍ അംഗീകാരം നൽകിയിരിക്കുന്നത്. എന്നാൽ പി വിജയനെതിരായ വ്യാജ മൊഴി നൽകിയതിൽ കേസെടുക്കണമെന്ന ശുപാര്‍ശയിലും മുഖ്യമന്ത്രി തീരുമാനമെടുത്തിട്ടില്ല.