എട്ടാം ക്ലാസിൽ ഏതെങ്കിലും വിഷയത്തിൽ മിനിമം മാർക്ക് നേടാത്തവർക്ക് അധിക പിന്തുണാ ക്ലാസ്

തിരുവനന്തപുരം: എട്ടാം ക്ലാസിൽ ഏതെങ്കിലും വിഷയത്തിൽ മിനിമം മാർക്ക് നേടാത്തവർ 21 ശതമാനം പേരെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഏപ്രിൽ എട്ട് മുതൽ 24 വരെ ഈ കുട്ടികൾക്ക് അതതു വിഷയങ്ങളിൽ അധിക പിന്തുണാ ക്ലാസ് നൽകുമെന്നും മന്ത്രി അറിയിച്ചു. ഇത്തവണ ആകെ 3,98,181 വിദ്യാർത്ഥികളാണ് എട്ടാം ക്ലാസ് പരീക്ഷ എഴുതിയത്. ഒരു വിഷയത്തിൽ എങ്കിലും ഇ ഗ്രേഡ് ലഭിച്ചവരുടെ എണ്ണം 86309 ആണ്.ഒരുവിഷയത്തിലും മിനിമം മാർക്ക് നേടാൻ സാധിക്കാത്ത 5500 വിദ്യാർത്ഥികളും എട്ടാം ക്ലാസിലുണ്ട്.
എന്നാൽ ഒരു വിഷയത്തിലും ഇ ഗ്രേഡിന് മുകളിൽ നേടാത്ത 5516 പേരുണ്ട്. എഴുത്തു പരീക്ഷയിൽ ഓരോ വിഷയത്തിലും 30 ശതമാനം മാർക്ക് നേടാത്ത വിദ്യാർത്ഥികളുടെ വിവരങ്ങൾ ഏപ്രിൽ ഏഴിന് രക്ഷകർത്താക്കളെ അറിയിക്കും. പ്രസ്തുത കുട്ടികൾക്ക് ഏപ്രിൽ എട്ടു മുതൽ 24 വരെ അധിക പിന്തുണാ ക്ലാസുകൾ നടത്തും. രാവിലെ 9 30 മുതൽ 12.30 വരെ നടക്കുന്ന ഈ ക്ലാസ്സുകളിൽ വിദ്യാർത്ഥികൾ തങ്ങൾക്ക് മാർക്ക് നേടാൻ കഴിയാത്ത വിഷയത്തിൻറെ പിന്തുണാ ക്ലാസുകളിൽ മാത്രം പങ്കെടുത്താൽ മതിയാകും. തുടർന്ന് ഏപ്രിൽ 25 മുതൽ 28 വരെ പുന:പരീക്ഷയും ഏപ്രിൽ 30ന് ഫലപ്രഖ്യാപനവും നടത്തും.