ആലപ്പുഴ: കരുനാഗപ്പള്ളിയില്‍നിന്ന് കാണാതായ വിജയലക്ഷ്മിയെ (48 ) സുഹൃത്തായ അന്‍പതുകാരന്‍ കൊന്ന് കുഴിച്ചുമൂടിയതായി സ്ഥിരീകരണം. ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു എന്നാണ് വിവരങ്ങൾ പറയുന്നത്.
സംഭവത്തിൽ സുഹൃത്തായ അമ്പലപ്പുഴ കരൂര്‍ സ്വദേശി ജയചന്ദ്രനെ പോലീസ് മൂന്ന് ദിവസം മുന്‍പ് കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാള്‍ കുറ്റസമ്മതം നടത്തിയത്. ജയചന്ദ്രന്റെ വീട്ടില്‍നിന്ന് വിജയലക്ഷ്മിയുടെ മൃതദേഹം പോലീസ് കണ്ടെത്തി.
കോണ്‍ക്രീറ്റ് ഇട്ട് മൂടിയ നിലയിലാണ് മൃതദേഹമെന്നാണ് വിവരം. നിര്‍മ്മാണം നടക്കുന്ന വീട്ടില്‍ കുഴിച്ചുമൂടി കോണ്‍ക്രീറ്റ് ചെയ്തുവെന്നായിരുന്നു പ്രതിയുടെ ആദ്യ മൊഴി. പിന്നീടാണ് സമീപത്തെ പറമ്പില്‍ കുഴിച്ചിട്ടുവെന്ന് പറഞ്ഞത്. മനു എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥലം.
മൃതദേഹം കുഴിച്ചിട്ടുവെന്ന് കരുതുന്ന പ്രദേശത്ത് തെങ്ങിന്‍ തൈകള്‍ പുതുതായി വെച്ച നിലയിലായിരുന്നു. രണ്ടിടത്തും പരിശോധന നടത്താനായിരുന്നു അന്വേഷണ സംഘത്തിന്റെ തീരുമാനം.
നവംബര്‍ പത്തിനാണ് വിജയലക്ഷ്മിയെ കാണാനില്ലെന്ന് സഹോദരി പോലീസില്‍ പരാതി നല്‍കിയത്. ഇവര്‍ ഭര്‍ത്താവുമായി അകന്നുകഴിയുകയായിരുന്നു. പരാതിയെ തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു
അതിനിടെ എറണാകുളം പോലീസിന് വിജയക്ഷ്മിയുടെ മൊബൈല്‍ ഫോണ്‍ കളഞ്ഞുകിട്ടി. ഈ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്ന ജയചന്ദ്രനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളും വിജയലക്ഷ്മിയും തമ്മില്‍ അടുപ്പമായിരുന്നു എന്നാണ് പ്രാഥമിക വിവരം. രണ്ടുമക്കളുടെ മാതാവാണ് വിജയലക്ഷ്മി. ജയചന്ദ്രന് ഭാര്യയും മകനുമുണ്ട്.