വനംവകുപ്പിന്റെ കണക്കിൽ സംസ്ഥാനത്ത് 48,034 കാട്ടുപന്നികൾ

കോട്ടയം: കൃഷിനശിപ്പിക്കുന്ന കാട്ടുപന്നികളെ കൊല്ലാനും ആഹാരമാക്കാനും കൃഷിക്കാർക്ക് അവകാശം വേണമെന്നാണ് കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞത്. എന്നാൽ വേണ്ടത്ര വെടിക്കാരുടെ ഇല്ലാത്തതും വെടിവെച്ചുമാത്രമേ കൊല്ലാവൂ എന്ന നിബന്ധനയുമാണ് കാട്ടുപന്നിയുടെ വർദ്ധനവിന് കാരണമാകുന്നത്.. സംസ്ഥാനത്ത് ആകെ 420 അംഗീകൃത ഷൂട്ടർമാരാണുള്ളത്.
വനംവകുപ്പിന്റെ കണക്ക് പ്രകാരം സംസ്ഥാനത്തു 48,034 കാട്ടുപന്നികളാണുള്ളത്. എന്നാൽ, കൃഷിക്കാരുടെ സംഘടനകൾ ശേഖരിച്ച കണക്ക് പ്രകാരം മൂന്നരലക്ഷത്തോളം പന്നികളെങ്കിലും ഉണ്ടെന്നാണ്. കർഷകർക്ക് വേട്ടയ്ക്ക് അനുമതി നൽകിയാൽ മാത്രമേ ഒരു പരിധിവരെ വ്യാപക കൃഷി നാശത്തിന് ശമനമുണ്ടാകുകയുള്ളു എന്നാണ് നാട്ടുകാരുടെ പക്ഷം.. പന്നിയെ കാണുമ്പോൾ ഷൂട്ടറെ വിളിക്കണം എന്നാണ് നിയമം പക്ഷെ “എന്നെ വെടിവെക്കൂ എന്നുപറഞ്ഞ് പന്നി നിന്നുതരുമോ” എന്നാണ് കൃഷിക്കാർക്കുവേണ്ടി നിയമപോരാട്ടം നടത്തുന്ന ഗീവർഗീസ് തറയിൽ ചോദിക്കുന്നത്.