ഓടിക്കൊണ്ടിരുന്ന ഓട്ടോയ്ക്ക് മുകളിൽ മരം വീണ് അപകടം; ഓട്ടോ ഡ്രൈവറും യാത്രക്കാരും രക്ഷപ്പെട്ടു

കൊച്ചി: ഓടിക്കൊണ്ടിരുന്ന ഓട്ടോയ്ക്ക് മുകളിലേക്ക് മരം കടപുഴകി വീണ് അപകടം. ഓട്ടോ ഡ്രൈവറും യാത്രക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു. കളമശ്ശേരി വട്ടേക്കുന്ന് സ്വദേശി ഷരീഫിൻ്റെ ഓട്ടോറിക്ഷയാണ് അപകടത്തിൽ പെട്ടത് . എറണാകുളം കളമശ്ശേരി കൊച്ചിൻ യൂണിവേഴ്സിറ്റി കവാടത്തിന് സമീപത്താണ് സംഭവം. റോഡരികിൽ നിന്ന ആൽമരമാണ് കടപുഴകി ഓട്ടോറിക്ഷയുടെ മേൽ വീണത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘം ആൽ മരം മുറിച്ചു മാറ്റി. മരം വീണ് ഓട്ടോയ്ക്ക് കേടുപാടുകൾ പറ്റി. മരണം വീണതിന് പിന്നാലെ റോഡിൽ വലിയ ഗതാഗതതടസ്സവും ഉണ്ടായി.
കഴിഞ്ഞ ദിവസം രാത്രി എറണാകുളത്ത് ശക്തമായ മഴയും കാറ്റും ഉണ്ടായിരുന്നു. ഇതിന്‍റെ ബാക്കിയായാണ് രാവിലെ മരണം വീണത്. റോഡിനോട് ചേർന്നുള്ള കുസാറ്റ് സെക്യൂരിറ്റി ക്യാബിന്‍റെ മേലേക്കാണ് മരം ആദ്യം വീഴുകയും. പിന്നാലെ മരത്തിന്‍റെ ചില്ലകൾ റോഡിലേക്ക് മറിയുകയായിരുന്നു. കളമശ്ശേരി ഭാഗത്ത് നിന്നും കുസാറ്റ് ഭാഗത്തേക്ക് യാത്രക്കാരനുമായി വരുമ്പോഴാണ് അപകടം ഉണ്ടായത്.