കായംകുളത്ത് ദേശീയ പാതയിൽ യുവാവ് കുഴിയിൽ വീണ് മരിച്ചു

ആലപ്പുഴ : കായംകുളത്ത് ദേശീയ പാതയ്‌ക്കെടുത്ത കുഴിയില്‍ വീണ് യുവാവ് മരിച്ചു. നൂറനാട് സ്വദേശിയായ ആരോമല്‍(23) ആണ് മരിച്ചത്.
കുഴികള്‍ക്ക് സമീപം യാതൊരു അപകടമുന്നറിയിപ്പും സ്ഥാപിച്ചിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. കെപിഎസി ജംഗ്ഷനിലെ കുഴിയില്‍ വീണാണ് ആരോമലിന് ജീവന്‍ നഷ്ടമായിരിക്കുന്നത്. നൂറനാട്ടെ വീട്ടിലേക്ക് പോകും വഴി സര്‍വീസ് റോഡിലുള്ള കുഴിയിലേക്ക് ആരോമല്‍ വാഹനവുമായി വീഴുകയായിരുന്നു. കുഴിയില്‍ വലിയ കോണ്‍ക്രീറ്റ് പാളിയും വെള്ളവുമുണ്ടായിരുന്നു. കോണ്‍ക്രീറ്റില്‍ തലയടിച്ചുള്ള പരുക്കാണ് മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനത്തിൽ പറയുന്നു.
കായംകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്താണ് രണ്ടാമത്തെ അപകടമുണ്ടായത്. കായംകുളം സ്വദേശിയായ നബീഷയെന്ന യുവാവിനാണ് ഗുരുതരമായി പരുക്കേറ്റത്. കുഴികളുടെ പരിസരത്ത് കനത്ത ഇരുട്ടായതിനാല്‍ കുഴികള്‍ കാണാന്‍ സാധിക്കാത്തതാണ് അപകടത്തിന് കാരണം.]