സുഹൃത്തുക്കളോടൊപ്പം ഫോട്ടോ എടുക്കുന്നതിനിടെ കടലിൽ വീണു ; യുവാവിന് ദാരുണാന്ത്യം.

മുംബൈ: സുഹൃത്തുക്കളോടൊപ്പം ഫോട്ടോ എടുക്കുന്നതിനിടെ കടലിൽ വീണ് യുവാവിന് ദാരുണാന്ത്യം. മുംബൈയിലെ ജുഹു ജെട്ടിയിൽ അനിൽ അർജുൻ രജ്പുത്(20) ആണ് അപകടത്തിൽപ്പെട്ടത്. ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം ഉണ്ടായത്. വൈകിട്ട് സുഹൃത്തുക്കൾക്കൊപ്പം കടൽ തീരത്തെ സായാഹ്നം ആസ്വദിക്കാനെത്തിതായിരുന്നു യുവാവ്. പാലത്തിന്‍റെ കൈവരിക്കടുത്ത് നിന്നും സെൽഫി എടുക്കുന്നതിനിടെ ഇയാൾ അബദ്ധത്തിൽ കടലിലേക്ക് തെന്നി വീഴുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
സ്ഥലത്തുണ്ടായിരുന്ന ലൈഫ് ഗാർഡുകൾ കടലിലിറങ്ങി അർജുനെ കരക്കെത്തിക്കുകയായിരുന്നു . ഉടനെ തന്നെ യുവാവിനെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രാഥമിക നടപടികൾക്ക് ശേഷം യുവാവിന്‍റെ മൃതദേഹം പിന്നീട് ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. പാലത്തിൽ കയറുന്നവർ ജാഗ്രത പാലിക്കണമെന്ന് പാെലീസ് നിർദ്ദേശം നൽകി .