ബംഗളുരു: തിരക്കേറിയ ക്ഷേത്രത്തിന് മുന്നിൽ വെച്ച് പിന്നിലേക്കെടുത്ത കാറിടിച്ച് മൂന്ന് വയസുകാരന് ദാരുണാന്ത്യം. മടപ്പട്ടാന സ്വദേശിയായ ഏകാൻഷ് എന്ന മൂന്ന് വയസുകാരനാണ് മരിച്ചത്. ബംഗളുരുവിലെ ആനേക്കലിലാണ് സംഭവം ഉണ്ടായിരിക്കുന്നത്. ഗുരുതരമായി പരിക്കേറ്റ ബാലനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും എത്തിക്കുന്നതിന് മുമ്പ് മരണം സംഭവിച്ചതായി ഡോക്ടർമാർ പറഞ്ഞു.
ക്ഷേത്രത്തിന് മുന്നിൽ വലിയ തിരക്കുള്ള സമയമായിരുന്നു. അമ്മ ക്ഷേത്രത്തിനകത്ത് നിൽക്കുന്നതിനിടെ കുട്ടി മാത്രം പുറത്തേക്ക് വരികയായിരുന്നു. റോഡരികിൽ ഒറ്റയ്ക്ക് നിൽക്കുന്നതിനിടെയാണ് പിന്നിലേക്കെടുത്ത കാർ ഇടിച്ചത്.
സംഭവത്തിൽ ഡ്രൈവർ പെട്ടെന്ന് കാർ പിന്നിലേക്ക് എടുക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കുട്ടി പിന്നിൽ നിൽക്കുന്നത് ഡ്രൈവർ കണ്ടില്ല. കാർ കുട്ടിയുടെ ശരീരത്തിൽ കയറിയത് കണ്ട് നാട്ടുകാർ ബഹളം വെച്ചു. ഇത് കേട്ട് ഡ്രൈവർ കാർ അൽപ ദൂരം മുന്നിലേക്ക് എടുത്ത ശേഷം സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു പൊലീസ് പറഞ്ഞു.